ഇന്ന് മഹാത്മ അയ്യങ്കാളിയുടെ 162-ാം ജന്മദിനം. ജാതീയത കൊടികുത്തിവാണിരുന്ന കാലത്ത് പാർശ്വവത്കരിക്കപ്പെട്ടവൻ്റെ അവകാശ നിഷേധങ്ങൾക്കെതിരെ പോരാടിയ അയ്യങ്കാളി കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ പ്രതീകമാണ്. നിഷേധിക്കപ്പെട്ട അവകാശങ്ങള് പിടിച്ചുവാങ്ങാന് പാര്ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് കരുത്തു പകര്ന്ന അയ്യങ്കാളിയുടെ പോരാട്ടങ്ങൾ എല്ലാ അവകാശപ്പോരാട്ടങ്ങൾക്കും ഇന്നും ഊർജ്ജമാണ്. വില്ലുവണ്ടി സമരം, കല്ലുമാല സമരം, കർഷകസമരം, വിദ്യാഭ്യാസ അവകാശ പ്രക്ഷോഭം തുടങ്ങി അരികുവത്കരിക്കപ്പെട്ടവരുടെ ആത്മാഭിമാനം ഉയര്ത്തിപിടിക്കാന് അയ്യങ്കാളി നടത്തിയ സമരപോരാട്ടങ്ങളൊക്കെയും ഇന്ത്യന് നവോത്ഥാന മുന്നേറ്റങ്ങളുടെ കൂടി ഭാഗമാണ്.
കേരളീയ നവോത്ഥാന ചരിത്രത്തില് അയ്യങ്കാളിക്ക് സമാനതകളില്ല. ജാതി മേധാവിത്വത്തിന്റെ അപമാനങ്ങള്ക്കുമേല് കീഴാള ജനതയുടെ ആത്മാഭിമാനത്തിന്റെ അടയാളമാണ് ആ വിപ്ലവകാരി. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസ അവകാശം, ചന്തകളില് പ്രവേശിക്കാനുള്ള അവകാശം, വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ മേല്ജാതിക്കാര് കീഴ്ജാതിക്കാര്ക്ക് നിഷേധിച്ച മാനുഷികാവകാശങ്ങളെല്ലാം സമരപോരാട്ടങ്ങളിലൂടെ പിടിച്ചുവാങ്ങിയ ക്രാന്തദര്ശി ആയിരുന്നു മഹാത്മ അയ്യങ്കാളി.
































