ഷാഫി പറമ്പില്‍ എംപിയെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ നടപടിയില്‍ കെപിസിസി അതിശക്തമായ പ്രതിഷേധം അറിയിക്കുന്നതായി സണ്ണി ജോസഫ്

Advertisement

ഷാഫി പറമ്പില്‍ എംപിയെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി അസഭ്യവര്‍ഷം ചൊരിഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സിപിഎം ഗുണ്ടകളുടെ കാടത്തം നിറഞ്ഞ നടപടിയില്‍ കെപിസിസി അതിശക്തമായ പ്രതിഷേധം അറിയിക്കുന്നതായി സണ്ണി ജോസഫ്. ഷാഫി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച പാര്‍ലമെന്റ് അംഗമാണ്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. വടകരയിലെ ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ പങ്കെടുക്കാനായാണ് എത്തിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ സിപിഎം നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെയും ജനപ്രതിനിധികളെയും തടയാന്‍ സിപിഎം അപ്രഖ്യാപിത തീരുമാനം എടുത്തിട്ടുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ജനപ്രതിനിധിയെ തടഞ്ഞ സിപിഎം നടപടി ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും ലംഘനമാണ്.
ഷാഫി പറമ്പിലിനെതിരെ സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നെന്നും സണ്ണി ജോസഫ് പറഞ്ഞു. കെകെ ശൈലജയെ ഒന്നേകാല്‍ ലക്ഷം വോട്ടിന് തോല്‍പ്പിച്ചതിന്റെയും ലോക്സഭയിലെ ഇടപെടലിന് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നതിന്റെയും പ്രതികാരമായാണ് സിപിഎം ആക്രമണം. ഷാഫി പറമ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്കരനായ നേതാവാണ്. അദ്ദേഹത്തെ റോഡില്‍ തടയാനുള്ള തീരുമാനം തീ കൊണ്ട് തല ചൊറിയുന്നതാണെന്നും ഈ ക്രിമിനലുകളെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമോയെന്നത് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും എംഎല്‍എയാക്കിയത് ജനങ്ങളാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Advertisement