വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കേരള സംസ്ഥാന വയോജന കമീഷന്‍ രൂപീകരിച്ചു. സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദുവാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും, വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും, അവരുടെ കഴിവുകളും പരിചയസമ്പത്തും പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നതിനും, അവകാശസംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് കമീഷന് രൂപം നല്‍കിയത്. രാജ്യത്താദ്യമായാണ് വയോജനങ്ങള്‍ക്കായി ഇങ്ങനെയൊരു കമീഷന് രൂപം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
മുന്‍ രാജ്യസഭാംഗവും, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ സോമപ്രസാദ് ആണ് കമീഷന്റെ ചെയര്‍പേഴ്സണ്‍. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയായ അമരവിള രാമകൃഷ്ണന്‍,വനിതാ കമീഷന്‍ അംഗമായിരുന്ന സാമൂഹ്യപ്രവര്‍ത്തക ഇ എം രാധ, ഗ്രന്ഥകാരനും സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ കെ എന്‍ കെ നമ്പൂതിരി (കെ എന്‍ കൃഷ്ണന്‍ നമ്പൂതിരി), മുന്‍ കോളേജ് അധ്യാപകനും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് – എം ജി സര്‍വ്വകലാശാലകളിലെ സിന്‍ഡിക്കേറ്റ് അംഗവുമായിരുന്ന പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് കമീഷനിലെ അംഗങ്ങള്‍.
തിരുവനന്തപുരത്താണ് കമ്മീഷന്റെ ആസ്ഥാനം. സ്ഥാനം ഏറ്റെടുത്ത തീയതി മുതല്‍ മൂന്നു വര്‍ഷം വരെ ആയിരിക്കും ചെയര്‍പേഴ്‌സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി. ചെയര്‍പേഴ്‌സണ് ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുണ്ടാകും. സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമീഷന്‍ സെക്രട്ടറിയായി നിയമിക്കും. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കും.
പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവര്‍) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായി കമീഷന്‍ രൂപീകരിക്കാന്‍ കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു. അങ്ങനെ നിലവില്‍ വന്ന കേരളം സംസ്ഥാന വയോജന കമ്മീഷന്‍ ആക്ടിലെ (2025) മൂന്നാം വകുപ്പ് ഒന്നാം ഉപവകുപ്പു പ്രകാരമാണ് കമീഷന് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനും ഏല്പിച്ചുകൊടുത്ത ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനും ഒരു ചെയര്‍ പേഴ്സണെയും നാല് അംഗങ്ങളെയും നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
































