വയനാട്. മണ്ണിടിഞ്ഞ് വയനാട് – താമരശ്ശേരി ചുരം പാതയിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുന്നു. റോഡിലേക്ക് പതിച്ച പാറകൾ പൊട്ടിച്ച് നീക്കം ചെയ്യുകയാണ്. റോഡിൽനിന്ന് 80 മീറ്റർ ഉയരത്തിൽ നിന്നാണ് പാറകൾ പതിച്ചിരിക്കുന്നത്. ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ബദൽ റോഡുകളെ കുറിച്ചുള്ള ചർച്ചകളും ഉയർന്നുവരികയാണ്
ഇന്ന് രാവിലെ 7 മണിയോടെയാണ് റോഡിലെ പാറകൾ പൊട്ടിച്ചു നീക്കാനുള്ള നടപടികൾക്ക് തുടക്കമായത്. പാളികൾ ആയ കൂറ്റൻപാറകളാണ് ഇടിഞ്ഞുവീണിട്ടുള്ളത്. ഉച്ചയ്ക്കുശേഷം ഗതാഗതം പുനസ്ഥാപിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.മണ്ണിടിച്ചിലുണ്ടായ പ്രഭവകേന്ദ്രത്തിൽ വിവിധ വകുപ്പുകളുടെ പരിശോധന പൂർത്തിയാക്കി. എവിടെയും വിള്ളൽ ഭീഷണിയില്ല എന്നാണ് കണ്ടെത്തൽ. അടർന്നു നിൽക്കുന്ന പാറകൾ കൂടി പൊട്ടിച്ചെടുക്കാനാണ് ശ്രമം
മണ്ണിടിച്ചിൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബദൽ പാതകളെ കുറിച്ചുള്ള ചർച്ചകളും ഉയർന്നുവരുന്നുണ്ട്.ചുരത്തിൽ കനത്ത മഴയാണ് ഇടവിട്ട് തുടരുന്നത്. ചരക്ക് ലോറികൾ ഉൾപ്പെടെ നിർത്തിയിട്ടിരിക്കുകയാണ്. മറ്റു വാഹനങ്ങൾ നാടുകാണി ചുരത്തെയും കുറ്റ്യാടി ചുരത്തെയും ആശ്രയിക്കുന്നുണ്ട്




































