മലപ്പുറം. പെരിന്തൽമണ്ണയിലെ കെഎസ്ആർടിസി ബസ്സിന്റെ മരണപ്പാച്ചിലിൽ ഡ്രൈവർക്ക് വീഴ്ച പറ്റിയെന്ന് വിജിലൻസ് റിപ്പോർട്ട്. മലപ്പുറം കെഎസ്ആർടിസി വിജിലൻസ് ഇൻസ്പെക്ടറാണ് പരിശോധന നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രാഫിക് പോലീസിന്റെ നിർദ്ദേശവും സീബ്രാലൈനും അവഗണിച്ച് കെ എസ് ആർ ടി സി ബസ് പോയത്.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയ്ക്ക് താഴെക്കോട് വെച്ചാണ് സംഭവം. ട്രാഫിക് പോലീസ് വിദ്യാർത്ഥികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്നതിനിടെ ട്രാഫിക് ഉദ്യോഗസ്ഥന്റെ നിർദ്ദേശവും സീബ്രാലൈനും അവഗണിച്ച് കെഎസ്ആർടിസി ബസ് മരണപ്പാച്ചിൽ നടത്തുകയായിരുന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട് പോകുന്ന ബസ് ആയിരുന്നു. ഈ സംഭവത്തിലാണ് മലപ്പുറം കെഎസ്ആർടിസി വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. ഡ്രൈവർക്ക് വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ട്. തുടർനടപടികൾക്കായി സംസ്ഥാന വിജിലൻസ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞദിവസം ഈ സ്ഥലത്ത് എത്തി വിജിലൻസ് ഇൻസ്പെക്ടർ ഇൻ ചാർജ് വിവരങ്ങൾ ശേഖരിച്ചിരുന്നു






































