തിരുവനന്തപുരം.സെക്രട്ടറിയേറ്റിനു മുന്നിൽ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം ഇന്ന് ഇരുന്നൂറാം ദിവസം. ആശാപ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ പൂക്കള മാതൃക തീർത്ത് പ്രതിഷേധിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ആശമാരുടെ പ്രശ്നങ്ങൾ പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടും സർക്കാരിന് സമർപ്പിച്ചു. പ്രതിമാസ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും വർദ്ധിപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. സമിതിയുടെ പഠന റിപ്പോർട്ടിനെ സമരസമിതി സ്വാഗതം ചെയ്തു.
ഫെബ്രുവരി 10 ന് സെക്രട്ടറിയേറ്റിനു മുന്നിൽ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സമരം ഇന്ന് ഇരുന്നൂറാം ദിവസം. സമരം ആറുമാസം പിന്നിടുമ്പോഴാണ് റോഡരികിൽ പ്രതീകാത്മക പൂക്കളമിട്ട് പ്രതിഷേധിച്ചത്. ഉപ്പ്, അരി തുടങ്ങിയ പലവ്യഞ്ജനങ്ങൾ ഉപയോഗിച്ച് ആയിരുന്നു പൂക്കള മാതൃക തീർത്തത്. കഞ്ഞികുടി മുട്ടിച്ച സർക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.
അതേസമയം സർക്കാർ നിയോഗിച്ച അഞ്ച് അംഗ സമിതി ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രതിമാസ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും വർദ്ധിപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ അധ്യക്ഷനായ സമിതിയാണ് ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിച്ചത്. റിപ്പോർട്ടിന്മേൽ അനുകൂലമായ സർക്കാർ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരം ചെയ്യുന്ന ആശാ പ്രവർത്തകർ.






































