കൊച്ചി. ഭാര്യയുടെ മുതുകിൽ കത്തി കുത്തി ഇറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 14വർഷം കഠിന തടവ്. പെരുമ്പാവൂർ അശമന്നൂർ സ്വദേശി രാഹുൽ കുഞ്ഞിനാണ് പെരുമ്പാവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
2024 ജനുവരി 28നാണ് കേസിന് ആസ്പദമായ സംഭവം. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച സഹായധനം ഒരു ലക്ഷം രൂപ ഭാര്യാമാതാവിൽ നിന്ന് വാങ്ങി നൽകണമെന്ന് ആവശ്യപെട്ട് പ്രതി ഭാര്യ അനുമോളെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഉപദ്രവത്തിൽ സഹികെട്ട അനുമോൾ തന്റെ സ്വന്തം വീട്ടിലേക്ക് പോയി. 2024 ജനുവരി 28ന് രാത്രി 10 മണിയോടെ ഭാര്യയുടെ വീട്ടിലെത്തിയ പ്രതി, കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന അനുമോളെ മുടി കുത്തിപിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഇവരെ കുനിച്ചു നിർത്തി അരയിൽ കരുതിയിരുന്ന കത്തി ഊരിയെടുത്ത് കുത്തുകയായിരുന്നു. ഏകദേശം 6 ഇഞ്ചിലധികം ശരീരത്തിൽ കത്തി ആഴ്ന്നിറങ്ങി. അനുമോളുടെ കരൾ ഒരു ഭാഗം മുറിഞ്ഞു പോയി. ഒരു മാസത്തിലധികം തീവ്രണപരിചരണ വിഭാഗത്തിൽ കിടന്നതിനു ശേഷമാണ് ഇവർ രക്ഷപ്പെട്ടത്. കുറുപ്പുംപടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ശിക്ഷിച്ച് ഉത്തരവായത്. കഠിന തടവിന് ഒപ്പം 70,000 രൂപ പിഴയും വിധിച്ചു.






































