പൂരം കലക്കല്‍, എം ആര്‍ അജിത്കുമാറിനെതിരെ കടുത്തനടപടിയില്ല

Advertisement

തിരുവനന്തപുരം. തൃശ്ശൂർ പൂരം കലക്കലിലെ വീഴ്ചയിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിയുണ്ടാകില്ല.നടപടി താക്കീതിലൊതുക്കാൻ നീക്കം.കടുത്ത നടപടി ഒഴിവാക്കാമെന്ന്
ഡി.ജി.പി റാവാഡ ചന്ദ്രശേഖറിൻ്റെ പുതിയ റിപ്പോർട്ട്.സസ്പെൻഷനടക്കം ശുപാർശ ചെയ്ത മുൻ
പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സഹേബിന്റെ റിപ്പോർട്ട് സർക്കാർ നിർദേശ പ്രകാരമാണ്
റവാഡ ചന്ദ്രശേഖർ തിരുത്തിയത്.

എം.ആർ അജിത്കുമാറിനെ രക്ഷിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് പുതിയ നീക്കം.മുൻ പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സഹേബിൻ്റെ അന്വേഷണത്തിൽ തൃശൂർ പൂരം കലക്കലിൽ അജിത് കുമാറിൻ്റെ ഗുരുതര വീഴ്ച സ്ഥിരീകരിച്ചിരുന്നു. മന്ത്രിയുടെ മുന്നറിയിപ്പ് പോലും വകവെക്കാതെ എ.ഡി.ജി.പി ഉറങ്ങിയെന്നായിരുന്നു റിപ്പോർട്ട്. സസ്പെൻഷൻ വരെ നീളുന്ന കടുത്ത നടപടിയും ശുപാർശ ചെയ്തിരുന്നു.ഇത് അനുസരിച്ച് നടപടിയെടുക്കേണ്ട സർക്കാർ അസാധാരണ നീക്കത്തിലൂടെ ഫയൽ പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് തിരിച്ചു നൽകുകയായിരുന്നു.റിപ്പോർട്ട് പരിശോധിച്ച റവാഡ ചന്ദ്രശേഖർ തൻ്റെ നിർദേശം കൂട്ടിച്ചേർത്ത് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് വീണ്ടും സർക്കാറിന് കൈമാറി.കൃത്യനിർവഹണത്തിൽ വീഴ്ചയെന്ന് തന്നെയാണ് പുതിയ റിപോർട്ടിലും പറയുന്നത്.

എന്നാൽ എം.ആർ അജിത്കുമാറിനെ നിലവിൽ പൊലീസിൽ നിന്ന് എക്സൈസിലെക്ക് മാറ്റിയതിനാൽ സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലന്നാണ് ഗുപാർശ. അതിനാൽ താക്കീത് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന.അതോടെ വിവാദമായ തൃശൂർ പൂരം കലക്കലിൽ വലിയ പരിക്കില്ലാത്തെ എം.ആർ.അജിത്കുമാർ രക്ഷപെടും.എന്നാൽ പുതിയ റിപ്പോർട്ടിലെ സിപിഐ നിലപാട് നിർണ്ണായകമാണ്

Advertisement