കോഴിക്കോട്. എലത്തൂരിൽ വിജിൻ കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പിതാവ് എൻ പി വിജയൻ. നടന്നത് കൊടും ക്രൂരതയെന്നും പ്രതികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്നും പിതാവ് പറഞ്ഞു. വിജിന്റെ അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികൾ പോലീസിന് മൊഴി നൽകി.
2019ൽ കാണാതായ വെസ്റ്റ് ഹിൽ സ്വദേശി വിജിൽ കൊല്ലപ്പെട്ടതായാണ് പോലീസ് കണ്ടെത്തൽ. സുഹൃത്തുക്കളായ നിഖിൽ, ദീപേഷ്, രഞ്ജിത്ത് എന്നിവർക്കൊപ്പം പോയ വിജിലിനെ കാണാതാവുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് നിഖിലും ദീപേഷും പോലീസിന്റെ പിടിയിലായത്. സരോവരം പാർക്കിനോട് ചേർന്ന് മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനിടെ വിജിൽ മരിച്ചെന്നാണ് പ്രതികൾ നൽകിയ മൊഴി. ശേഷം മൃതദേഹം കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തി. അസ്ഥികൾ കടലിൽ ഒഴുക്കിയെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലിലാണ് കുടുംബം.
സുഹൃത്തുക്കളോട് പലതവണ വിജിലിനെ കുറിച്ച് അന്വേഷിച്ചെങ്കിലും ഒന്നുമറിയില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു.നിഖിലിനെയും ദീപേഷിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് കൊയിലാണ്ടി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻതന്നെ സരോവരത്തെത്തിച്ച് തെളിവെടുക്കും. ഒളിവിൽ കഴിയുന്ന രഞ്ജിത്തിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
































