ഇന്ന് അത്തം പത്തുദിനമകലെ പൊന്നോണം

Advertisement

ഇന്ന് അത്തം. ഇനിയുള്ള പത്തുനാൾ പൊന്നോണത്തിലേക്കുള്ള ചുവടുവയ്പുകളാണ് മലയാളിക്ക്. മലയാളിയുടെ മണ്ണിലും മനസിലും പൂവിളി ഉയരുകയാണ്.

ഓണക്കാലം വരവായി. ഗൃഹാതുരത്വം ഉണർത്തുന്ന പാല്‍ർനിലാവുപോലുള്ള ഓർമ്മകളുടെ കാലം കൂടിയാണിത്. തിരക്കുപിടിച്ചോടുന്ന ഇന്നത്തെ തലമുറയ്ക്ക് പണ്ടത്തെ കാഴ്ചകൾ അന്യമാണ്.വീടിൻറെ മുറ്റത്ത് ചാണകം മെഴുകി പൂത്തറ ഉണ്ടാക്കി പൂവിട്ടിരുന്ന കാലം. പച്ചപ്പാർന്നപാടവും നെൽക്കതിരും പാടത്തിലൂടെ പൂതേടി അലയുന്ന കുഞ്ഞു കുട്ടികളും, കരടിപ്പാട്ടും പുലികളി മേളവും താളമിടുന്ന ഇരവുപകലുകളും വറവലുകളുടെ മണം പരക്കുന്ന അന്തരീക്ഷവും ഊഞ്ഞാലും ഓണപ്പാട്ടും കോടിമുണ്ടിന്‍റെ മനംമയക്കുന്ന ഗന്ധവും ബന്ധു സമാഗമവുമെല്ലാം ആധുനികതക്കിടയിലും മലയാളിതലമുറകൈമാറി കൊണ്ടുപോകുന്നുണ്ട്.

കിട്ടാവുന്ന നാടൻ പൂക്കൾ കണ്ണാന്തളിയും കാക്കപ്പൂവും മുക്കുറ്റിയും എല്ലാം കണ്‍തുറക്കുന്ന ഓണനാളുകള്‍. എല്ലാം ശേഖരിക്കും. തുമ്പയാണ് പൂക്കളത്തിലെ രാജാവ് ‘ഒരു തുമ്പ എങ്കിലും കിട്ടണം.

പക്ഷേ ഇന്നിപ്പോൾ നാടൻ പൂക്കളെക്കാൾ ഇറക്കുമതി പൂക്കൾ ആണ് സ്ഥാനം പിടിക്കുന്നത്. പൂ തേടിയുള്ള അലച്ചിലില്ല വളരെ പെട്ടെന്ന് പൂക്കളം തീർക്കാൻ പറ്റും എന്നത് മറ്റൊരു കാര്യം

അത്തം പിറന്നു ഇനി ഓരോ ദിവസവും തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ്.

Advertisement