വാളയാറിൽ വൻ ലഹരിവേട്ട. കാറുകളിൽ കടത്തിയ 25.79 കിലോഗ്രാം കഞ്ചാവുമായി 4 പേർ പിടിയിലായി. മണ്ണാർക്കാട് സ്വദേശികളായ കോടതിപ്പടി കോമേരി ഗാർഡനിൽ പി ടി സയൂൻ സംസ് (22), കുമരംപുത്തൂർ പയ്യനടം ഷെഹീർ (23), പയ്യനടം നൊച്ചുള്ളി മരുതംകാട് ഷിയാസ് (19), പള്ളിക്കുന്ന് അരക്കുപറമ്പിൽ റാഷിദ് (24) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്.
വാളയാറിൽ ഓണക്കാലത്തോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയാൻ വാളയാർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി ദേശീയപാത കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. 26 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതികൾ സഞ്ചരിച്ച 2 കാറുകളും പൊലീസ് കസ്‌റ്റഡിയിലെടുത്തു.
പൊലീസ് പരിശോധന കണ്ട് നിർത്താതെ പോയ കാറുകളെ ടോൾപ്ലാസയ്ക്ക് സമീപം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിന്റെ ഡിക്കിക്കുള്ളിലും സീറ്റിനടിയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവ് ചെറിയ പൊതികളിലാക്കി വിദ്യാർഥികളെ കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് ഇവർ കഞ്ചാവ് കടത്തിയത്.
പ്രവാസിയായ സയൂൻ സംസ് ഒന്നര മാസം മുമ്പാണ് അവധിക്കായി നാട്ടിലെത്തിയതെന്നും മറ്റുള്ളവർ മുമ്പും ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു. വാളയാർ ഇൻസ്പെക്‌ടർ എൻ എസ് രാജീവ്, എസ് ഐ ബി പ്രമോദ്, ഗ്രേഡ് എസ്ഐ ആർ അരുൾ എഎസ്ഐ എസ് രേണുക, സീനിയർ സിപിഒ ആർ രാമസ്വാമി, എസ് സുമേഷ്, വി ശിവകുമാർ എന്നിവർക്കൊപ്പം ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്.
































