കോഴിക്കോട്. രാമനാട്ടുകരയിൽ പശ്ചിമബംഗാൾ സ്വദേശിയായ പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് ആണ് ചെന്നൈയിൽ നിന്ന് പിടിയിലായത്.
ഇതര സംസ്ഥാനക്കാരിയായ കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച് ഒളിവിൽ ആയിരുന്ന വള്ളിക്കാട്ട് റിയാസ് ആണ് അറസ്റ്റിലായത്. പ്രതി മലപ്പുറത്തുനിന്നും പാലക്കാട് സേലം മൈസൂർ ബാംഗ്ലൂർ എന്നിവിടങ്ങൾ ചുറ്റിക്കറങ്ങി ഒടുവിൽ ചെന്നൈയിലെത്തി. ഒഡീഷയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസിന്റെ പിടിയിലായത്. സംഭവശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയെ, മൊബൈൽ ടവർ സഹായമില്ലാതെ നടത്തിയ അശ്രാന്ത പരിശ്രമത്തിനോടുവിലാണ് പിടികൂടിയത്. ഈ മാസം 19ന് കാണാതായ പെൺകുട്ടിയെ 20നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അവശനിലയിൽ ആയിരുന്ന കുട്ടിയുടെ ദേഹത്ത് മുറിവുകളും ഉണ്ടായിരുന്നു. പാലക്കാട് വഴി മൈസൂരിലേക്ക് കടന്ന പ്രതിയുടെ സിസിടി ദൃശ്യങ്ങൾ പോലീസിന് ലഭിച്ച എങ്കിലും പ്രതി രക്ഷപ്പെട്ടു. 23ന് ബംഗളൂരുവിൽ കറങ്ങി നടന്ന് 24 രാത്രിയോടെ ചെന്നൈയിൽ എത്തി. ഈ വിവരങ്ങൾ ലഭിച്ച ഫറോക്ക് എസ്എച്ച്ഓ ശ്രീജിത്തും ഫറോക്ക് എസിപി എ എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും പ്രതിയെ പിടികൂടുകയായിരുന്നു. റിയാസ് 2019ൽ കടയിലെ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്. ഇയാളെ സഹായിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശി യഹിയ കഴിഞ്ഞദിവസം പിടിയിലായിരുന്നു






































