കാസർഗോഡ്. പടന്നക്കാട് പോക്സോ കേസിൽ ഒന്നാം പ്രതി പി എ സലീമിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പ്രതിയ്ക്ക് സ്വാഭാവിക മരണം സംഭവിക്കുന്നതുവരെ തടവിൽ പാർപ്പിക്കാനും ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി ജഡ്ജി പി എം സുരേഷ് വിധിച്ചു. കോടതിവിധിയിൽ തൃപ്തനെല്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ അറിയിച്ചു.
പെൺകുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി തട്ടിക്കൊണ്ടു പോയി, പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി, പോക്സോ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി പ്രതികൾക്കെതിരെ ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പിഎ സലീമിനെതിരായ കുറ്റകൃത്യം സംശയാസ്പദമായി തെളിയിക്കപ്പെട്ടെന്നും പ്രതിയെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കുന്നെന്നും ജഡ്ജി പി എം സുരേഷ് അറിയിച്ചു. സ്വാഭാവിക മരണം വരെ പ്രതി തടവിൽ കഴിയണം. 2 ലക്ഷം രൂപ പിഴയൊടുക്കണം. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ് ശിക്ഷയും, ആയിരം രൂപ പിഴയും വിധിച്ചു. 60 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 117 രേഖകളും പരിശോധിച്ചശേഷമാണ് കോടതി വിധി. വിധി പറയുന്നതിനിടയിൽ കോടതി നാട്ടുകാരെയും അഭിനന്ദിച്ചു. എന്നാൽ വിധിയിൽ തൃപ്തനല്ലെന്നും പ്രതിക്ക് വധശിക്ഷ നൽകുംവരെ പോരാടുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ.
2024 മെയ് 15ന് പുലർച്ചെയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പിഎ സലിം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി ആന്ധ്രപ്രദേശ് കർണാടക മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒളിവിൽ പോയി. 9 ദിവസത്തിനു ശേഷം ആന്ധ്രപ്രദേശിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.






































