വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 25 തിങ്കൾ

🌴കേരളീയം🌴

🙏 സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും.ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്.

🙏 ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നാളെ മുതല്‍ മഴ ശക്തമാകും. നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

🙏കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ നാളെ മുതല്‍ സെപ്റ്റംബര്‍ നാല് വരെ കണ്‍സ്യുമര്‍ഫെഡിന്റെ ഓണചന്തകള്‍ ഒരുങ്ങുന്നു. ജയ, കുറുവ അരി, കുത്തരി, പഞ്ചസാര, കടല, ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, തുവര പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 13 ഇന നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ സ്വന്തമാക്കാം.

🙏ഒരു ലിറ്റര്‍ വെളിച്ചെണ്ണ 349 രൂപക്കും ജയ, കുറുവ, കുത്തരി എന്നിവ 8 കിലോ 264 രൂപക്കും ലഭിക്കും. സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് കൊപ്ര ശേഖരിച്ചു ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ഓണചന്തയില്‍ എത്തിക്കുക. മറ്റ് നോണ്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ വിലകുറവുണ്ടാകും.

🙏 രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നിയമോപദേശം തേടി കോണ്‍ഗ്രസ്.

🙏 രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തുവെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി. ഔദ്യോഗികമായി ഒരു പരാതി പോലും ലഭിക്കുന്നതിന് മുന്‍പ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചു.

🙏 രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്നത് സ്വാഗതാര്‍ഹമെന്ന് മന്ത്രി പി.രാജീവ്. രാഹുലിന്റെ രാജി കേരളത്തിന്റെ പൊതുവികാരം ആയിയെന്നും സംരക്ഷണയില്‍ വളര്‍ത്തിക്കൊണ്ടുവന്നവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഏതെങ്കിലും ഒരു താത്കാലിക വേദന സംഹാരി കൊണ്ട് തീര്‍ക്കാവുന്ന കാര്യമല്ല ഇതെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചു.

🙏 രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു നിമിഷം മുന്‍പ് രാജി വെച്ചാല്‍ അത്രയും നല്ലതാണെന്നും ഇത് ധാര്‍മിക ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് എംഎല്‍എ.

🙏 രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ലൈംഗികാരോപണങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബി ജെ പി. മറ്റൊരു കോണ്‍ഗ്രസ് നേതാവിനെതിരെ കൂടി ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നു എന്ന് ബി ജെ പിയുടെ ഒഫിഷ്യല്‍ എക്സ് പേജില്‍ കുറിച്ചു.

🙏 തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഎം സര്‍ക്കാര്‍ അയ്യപ്പ സംഗമം ആഘോഷിക്കുന്നത് ഒരു നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.

🙏 കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് വാദം.

🙏 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഡിഐജി അജിതാ ബീഗത്തിനു പരാതിയുമായി വനിതാ എസ്ഐമാര്‍. മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതികളില്‍ ആരോപിക്കുന്നത്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി.

🙏 ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ നടി റോമയെ കോടതി വിസ്തരിച്ചു. ഇന്നലെ തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടിയെ വിസ്തരിച്ചത്. ശബരിനാഥിന്റെ മ്യൂസിക് ആല്‍ബത്തില്‍ റോമ അഭിനയിച്ചിരുന്നു. ജനങ്ങളില്‍ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആല്‍ബം നിര്‍മിച്ചത്.

🙏 കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദര്‍ഷിതയാണ് (22) കൊല്ലപ്പെട്ടത്.

🇳🇪  ദേശീയം  🇳🇪

🙏 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ജമ്മു കശ്മീറില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടത്തും പ്രളയസമാന സാഹചര്യമാണ്. കത്വയില്‍ മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

🙏 അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ വിദേശത്തേക്ക് കള്ളപ്പണം കടത്തിയെന്ന് കണ്ടെത്തല്‍. കെ. സി. വീരേന്ദ്ര പപ്പി ഫെമ ചട്ടം ലംഘിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍.

🙏 കിഴക്കന്‍ ലഡാക്കിലെ ന്യോമയില്‍ പുതുതായി നിര്‍മ്മിച്ച മുദ് അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട് ഈ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചൈനീസ് അതിര്‍ത്തിയില്‍ (എല്‍എസി) നിന്ന് 30 കിലോമീറ്ററും ലേയില്‍ നിന്ന് 200 കിലോമീറ്ററും അകലെ സമുദ്ര നിരപ്പില്‍ നിന്ന് 13,700 അടി ഉയരത്തിലാണ് ന്യോമ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.

🙏 റെസ്റ്റോറന്റുകള്‍ ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ ചോദ്യങ്ങളുമായി ഡല്‍ഹി ഹൈക്കോടതി. റെസ്റ്റോറന്റുകളിലെ ആകര്‍ഷകമായ അന്തരീക്ഷത്തിനും സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഉയര്‍ന്ന വില ഈടാക്കുന്നതെന്ന് പറയുന്ന റെസ്റ്റോറന്റ് അസോസിയേഷനുകളോടാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.

🙏 ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് വന്‍ വെളിപ്പെടുത്തലെന്ന നിലയില്‍ ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യം അയാള്‍ക്ക് തന്നെ കുരുക്കായി. തന്റെ മൊഴികള്‍ക്ക് ആധാരമായി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതെന്ന കണ്ടെത്തലും ഗുരുതരമായി. ഈ തലയോട്ടി ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടേതെന്നായിരുന്നു ചിന്നയ്യയുടെ മൊഴി.

🙏 പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ 30 ദിവസത്തേക്ക് ജയിലില്‍ കഴിയുകയാണെങ്കില്‍ അവര്‍ക്ക് പദവി നഷ്ടമാകുന്ന പുതിയ ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുമായി (ജെപിസി) സഹകരിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നത.

🙏 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡിആര്‍ഡിഒ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റത്തിന്റെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം ജപ്പാന്‍ സന്ദര്‍ശിക്കും. ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ഇഷിബ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുമായി വേദി പങ്കിടുന്ന ആദ്യ ഉച്ചകോടിയുമാണിത്.

🙏 മഹാരാഷ്ട്രയില്‍ ഉടനീളമുള്ള പ്രധാന ടോള്‍ പ്ലാസകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടോള്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുത്തു .

🇦🇽 അന്തർദേശീയം 🇦🇴

🙏 യെമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമ ആക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.

🙏 അമേരിക്കയുമായുള്ള നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. യുഎസിനെ അനുസരിക്കാനുള്ള സമ്മര്‍ദത്തിന് ഇറാന്‍ ഒരിക്കലും വഴങ്ങില്ലെന്നും നേരിട്ടുള്ള ചര്‍ച്ചയ്ക്കായി അവര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രതിസന്ധിയുടെ ആഴത്തിലുള്ള യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്നതാണെന്നും ഖമീനി പറഞ്ഞു.

🙏 ലണ്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റിന് തീവച്ചു. ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ അരോമ റെസ്റ്റോറന്റിനാണ് തീവച്ചത്. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

🙏 ഫ്ലോറിഡ ഹൈവേയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണക്കാരനായ ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. ഓഗസ്റ്റ് 12 ന് ഫോര്‍ട്ട് പിയേഴ്‌സില്‍ അപകടത്തിന് കാരണമായ, ട്രാഫിക് നിയമം തെറ്റിച്ച് യു ടേണ്‍ എടുത്ത സംഭവത്തിലാണ് 28 കാരനായ ഹര്‍ജീന്ദര്‍ സിംഗിന് ജാമ്യം നിഷേധിച്ചത്.

🙏 അമേരിക്ക ഇന്ത്യക്ക് മേല്‍ അധിക തീരുവ ചുമത്തിയത് യുക്രൈനെതിരായ യുദ്ധവും ആക്രമണവും നിര്‍ത്താന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതിനാണെന്ന വിചിത്ര വാദവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്.

🙏 ഏറ്റവും ലാഭത്തില്‍ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നത് തുടരുമെന്ന് അമേരിക്കയ്ക്ക് ചുട്ടമറുപടി നല്‍കി റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍. യുഎസ് താരിഫ് വര്‍ധനക്കിടയില്‍ ദേശീയ താത്പര്യം സംരക്ഷിക്കാന്‍ നടപടികള്‍ തുടരുമെന്നും അദ്ദേഹം ഒരു റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

🙏 യു.എസ്. മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കുന്നതില്‍ നിന്ന് യുക്രെയ്നെ പെന്റഗണ്‍ തടയുന്നതായി റിപ്പോര്‍ട്ട്. യുക്രെയ്‌നിന് നല്‍കിയ ദീര്‍ഘദൂര ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റംസ് റഷ്യക്കകത്തുള്ള സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിക്കുന്നതിനാണ് യു.എസ്. രഹസ്യമായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement