സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും നിരന്തരം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് സമ്മര്‍ദമേറുന്നു. രാഹുല്‍ രാജിവയ്ക്കുന്നതാണ് ഉചിതം എന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ തിടുക്കപ്പെട്ട തീരുമാനം വേണ്ടെന്ന് നിലപാടും ഒരുവശത്തുണ്ട്. മുതിര്‍ന്നനേതാക്കളാരും രാഹുലിന് പ്രതിരോധം തീര്‍ക്കാന്‍ രംഗത്തെത്താത്തതും രാജി അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം രാഹുൽ ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് തുടരരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ആവശ്യപ്പെട്ടതായാണ് വിവരം. രാഹുലിനോട് രാജി ചോദിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് അടുത്തു വരുന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന് രമേശ് ചെന്നിത്തല കെപിസിസി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
































