കവളങ്ങാട്: ഊന്നുകല്ലില്‍ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പെരുമ്പാവൂര്‍ വേങ്ങൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തിനുസമീപം കുന്നത്തുതാഴെ ശാന്ത (61)യുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ കൊലപ്പെടുത്തിയശേഷം ഓടയില്‍ തള്ളിയതാണെന്ന് ഉൗന്നുകല്‍ പൊലീസ് പറഞ്ഞു. കൊല നടത്തിയതായി സംശയിക്കുന്ന നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
കൊല്ലപ്പെട്ട ശാന്തയുടെ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതിയിലേക്കെത്തുന്ന തെളിവ് ലഭിച്ചത്. നഷ്ടപ്പെട്ട സ്വര്‍ണവും പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. വെള്ളി പകല്‍ 12 മണിയോടെയാണ് ഊന്നുകല്‍ വെള്ളാമക്കുത്തില്‍ ദേശീയപാതയോട് ചേര്‍ന്ന് ആള്‍ത്താമസമില്ലാത്ത വീടിന്റെ വര്‍ക് ഏരിയയോട് ചേര്‍ന്നുള്ള ഓടയില്‍ തിരുകിക്കയറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മാലിന്യ ടാങ്കിലേക്കുള്ള ഓടയുടെ മാന്‍ഹോളില്‍ക്കൂടിയാണ് മൃതദേഹം ഓടയിലേക്ക് തിരുകിക്കയറ്റിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളി വൈകിട്ട് 6.30ന് ഓടയുടെ സ്ലാബ് നീക്കി മൃതദേഹം പുറത്തെടുത്തെങ്കിലും ജീര്‍ണിച്ച നിലയിലായതിനാല്‍ മൃതദേഹം തിരിച്ചറിഞ്ഞില്ല. മൃതദേഹത്തില്‍ വസ്ത്രങ്ങളോ ധരിച്ചിരുന്ന ആഭരണങ്ങളോ ഉണ്ടായിരുന്നില്ല.
എറണാകുളം മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെത്തിയ ബന്ധുക്കള്‍ ശനിയാഴ്ച മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ 18 മുതല്‍ ശാന്തയെ കാണാനില്ലെന്ന് മകന്‍ കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ശാന്തയുടെ മൃതദേഹം സംസ്‌കരിച്ചു. ഭര്‍ത്താവ്: ബേബി. മക്കള്‍: ബിജിത്, ബിന്ദു. മരുമകള്‍: ഐശ്വര്യ. കൊല്ലപ്പെട്ട ശാന്തയുടെ ആഭരണങ്ങള്‍ അടിമാലിയില്‍നിന്ന് കണ്ടെത്തി. പ്രതി സഞ്ചരിച്ചുവെന്ന് കരുതുന്ന കാറും കസ്റ്റഡിയിലെടുത്തു.
































