ഹീവാൻ നിക്ഷേപത്തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി ഗ്രീഷ്മ ബിജു അറസ്റ്റിൽ

Advertisement

ഹീവാൻ നിക്ഷേപത്തട്ടിപ്പ് കേസുകളിൽ ഒളിവിലായിരുന്ന പ്രതി ഗ്രീഷ്മ ബിജു അറസ്റ്റിൽ. ഹീവാൻ നിധി, ഹീവാൻസ് ലിമിറ്റഡ് തട്ടിപ്പുകേസുകളിൽ ഏഴാം പ്രതിയും മുഖ്യപ്രതിയായ ബിജു മണികണ്ഠന്റെ ഭാര്യയുമാണ്‌ ഗ്രീഷ്‌മ. ആദ്യകാലം മുതലുള്ള ഡയറക്ടറും മുഖ്യനടത്തിപ്പുകാരിയുമായിരുന്നു. മറ്റു പ്രതികൾ അറസ്റ്റിലായതോടെ ഒളിവിൽ പോകുകയായിരുന്നു. 67 കേസുകളിലായി 16 കോടി രൂപ തട്ടിയെടുത്തുവെന്നാണ്‌ കേസ്. പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാതെ വഞ്ചിക്കുകയും ചെയ്‌തതിന്‌ സ്ഥാപനങ്ങളുടെയും ഉടമകളുടെയും സ്ഥാവരജംഗമവസ്തുക്കൾ ജപ്തി ചെയ്യുന്നതിന്‌ ജില്ലാ മജിസ്‌ട്രേറ്റ്‌ ഉത്തരവിട്ടിരുന്നു. ബഡ്‌സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്കും റിസർവ് ബാങ്ക് നിബന്ധനകൾക്ക് വിരുദ്ധമായും പ്രവർത്തിച്ച കമ്പനി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നല്‍കാതെ വഞ്ചിച്ചതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കണ്ടുകെട്ടൽ. കെപിസിസി സെക്രട്ടറിയായിരുന്ന സി എസ്‌ ശ്രീനിവാസൻ, യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ വാണിയമ്പാറ സ്വദേശി സി എം അനിൽകുമാർ, പ്രവാസി വ്യവസായി സുന്ദർ സി മേനോൻ, പുതൂർക്കര സ്വദേശി ബിജു മണികണ്ഠൻ തുടങ്ങിയവരാണ്‌ കേസിലെ മറ്റു പ്രതികൾ. സാമ്പത്തികകാര്യ കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്‌പി എം സുരേന്ദ്രന്റെ നേതൃത്വത്തിൽ ഡിക്ടറ്റീവ് ഇൻസ്‌പെക്ടർ കെ ബാബു, എഎസ്ഐ മാർട്ടിൻ, റഷീദ, സിനീയർ സിപിഒ ജോഷി, അനു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Advertisement