കാസർഗോഡ്. മഞ്ചേശ്വരത്ത് എ എസ് ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം സ്റ്റേഷനിലെ എ എസ് ഐ മധുസൂദനൻ ആണ് മരിച്ചത്. പോലീസ് ക്വാട്ടേഴ്സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
രാവിലെ പരേഡിന് കാണാത്തതിനാൽ മഞ്ചേശ്വരം സ്റ്റേഷനിലെ സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ക്വാട്ടേഴ്സിൽ മധുസൂദനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താമസിക്കുന്ന റൂമിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുറ്റിക്കോൽ സ്വദേശിയായ മധുസൂദനൻ ആദൂർ പോലീസ് സ്റ്റേഷനിൽ നിന്നാണ് മഞ്ചേശ്വരത്തേക്ക് സ്ഥലം മാറി എത്തുന്നത്. വിവാഹിതനല്ലാത്തതിനാൽ കോട്ടേഴ്സിൽ തന്നെയായിരുന്നു താമസം. കേസന്വേഷണത്തിൽ മികവ് കാട്ടിയിരുന്നതിനാൽ സഹപ്രവർത്തകർക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു മധുസൂദനൻ. ഇദ്ദേഹം ഒറ്റപ്പെടലിന്റെ മാനസിക വിഷമം അനുഭവിച്ചിരുന്നെന്നും സഹപ്രവർത്തകരായ പോലീസുകാർ പറയുന്നുണ്ട്. മൃതദേഹത്തിന് അടുത്തുനിന്ന് ലഭിച്ച കുറിപ്പിലെ വിശദാംശങ്ങൾ പോലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.






































