രാഹുലിന്‍റെ സ്ഥാനത്തേക്ക് അബിന്‍, ചര്‍ച്ചകള്‍ തുടങ്ങി

Advertisement

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിന് പിന്നാലെ പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ചർച്ചകൾ ആരംഭിച്ചു. നിലവിലെ സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി അധ്യക്ഷപദത്തിലെത്തുമെന്നാണ് സൂചന. എന്നാൽ അധ്യക്ഷൻ ആരെന്ന ചോദ്യത്തിന് ഒറ്റപേരിലേക്കെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ആരംഭിച്ചിട്ട് നാളുകളായി. ലൈംഗിക സന്ദേശ വിവാദത്തിൽ കുടുങ്ങി രാജിവെച്ചതോടെ പുതിയ അധ്യക്ഷനായി ചർച്ചകളും ആരംഭിച്ചു. സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പ്നോമിനിയായ മത്സരിച്ച അബിൻ വർക്കിക്കാണ് സാധ്യത കൂടുതൽ. സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷനായത്. അധ്യക്ഷൻ രാജിവച്ച പശ്ചാത്തലത്തിൽ രാഹുലിന് തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്ത് എത്തിയ അബിൻ വർക്കിക്ക് തന്നെ നറുക്ക് വീഴാനാണ് സാധ്യത. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അബിൻ വർക്കിക്കായി സമ്മർദ്ദം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു ചുള്ളിയിലിൻ്റെ പേരും സജീവമായി ഉയർന്നു കേൾക്കുന്നു. കെ.സി വേണുഗോപാലിന്റെ പിന്തുണയാണ് ബിനു ചുള്ളിയിലിൻ്റെ കരുത്ത്. ബിനു ചുള്ളിയിലിനായി സമൂഹമാധ്യമങ്ങളിലും ക്യാമ്പയിനുകൾ സജീവമാണ്. കെ.എസ്‌.യു മുൻ സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനായി ഒരു വിഭാഗം രംഗത്തുണ്ട്. യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അവസാന നിമിഷമാണ് കെ.എം അഭിജിത്തിൻ്റെ പേര് വെട്ടിയത്. ഉടൻതന്നെ അഭിജിത്തിനെ പരിഗണിക്കാമെന്ന ഉറപ്പിലാണ് അതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചിരുന്നത്. അതിനിടെ അപ്രതീക്ഷിതമായി ഒഴിവു സംസ്ഥാന അധ്യക്ഷപദം അഭിജിത്തിന് നൽകണമെന്ന് എം കെ രാഘവൻ ഉൾപ്പെടെയുള്ളവർ നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. ഒ.ജെ ജനീഷ്, ജെ.എസ് അഖിൽ തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.

Advertisement