തിരുവനന്തപുരം: വിജയ പരാജയങ്ങള്‍ മാറി മറിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിന് തകര്‍പ്പന്‍ ജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ഒരു വിക്കറ്റിനാണ് കൊല്ലം തോല്‍പ്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് 18 ഓവറില്‍ 138 റണ്‍സാണെടുത്തത്.
ചെറിയ മാര്‍ജിനില്‍ മറുപടി ബാറ്റേന്തിയ കൊല്ലം സെയ്ലേഴ്സ് 19.5 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീനാണ് കാലിക്കറ്റിന്റെ ബാറ്റിങ് നിരയെ തകര്‍ത്തത്. എ.ജി അമല്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും ബിജു നാരായണന്‍, അഖില്‍ സജീവന്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. 41 റണ്‍സെടുത്ത വത്സന്‍ ഗോവിന്ദാണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ വിഷ്ണു വിനോദിന്റെ (0) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (21 പന്തില്‍ 24), അഭിഷേക് ജെ നായര്‍ (20 പന്തില്‍ 21), രാഹുല്‍(0), എം.എസ് അഖില്‍ (5 പന്തില്‍ 3), ഷറഫുദ്ദീന്‍ (3 പന്തില്‍ 5), വത്സല്‍ ഗോവിന്ദ് (31 പന്തില്‍ 41), അമല്‍ എ.ജി (18 പന്തില്‍ 14) റണ്‍സുമെടുത്തു. വാലറ്റത്ത് ഏദന്‍ ആപ്പില്‍ ടോമും 10 ഉം ബിജു നാരായണന്‍ 15 റണ്‍സുമെടുത്ത് തിളങ്ങി. ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ അവസാന ഓവറില്‍ ബിജു നേടിയ ഇരട്ട സിക്സറിലാണ് കൊല്ലം ജയമുറപ്പിച്ചത്. പിരിയാത്ത 10-ാം വിക്കറ്റില്‍ ബിജുവും ഏദനും 13 പന്തില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കൊല്ലത്തെ വിജയത്തിലെത്തിച്ചത്. കാലിക്കറ്റിനായി അഖില്‍ സ്‌കറിയ നാലു വിക്കറ്റും സുധീഷന്‍ മൂന്നുവിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന്റെ സച്ചിന്‍ സുരേഷിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 13 പന്തില്‍ 10 റണ്‍സെടുത്താണ് താരം പുറത്തായത്. കെസിഎല്‍ രണ്ടാം സീസണിലെ ആദ്യ അര്‍ധസെഞ്ച്വറി രോഹന്‍ കുന്നുമ്മല്‍ തന്റെ പേരിലാക്കി. 22 പന്തില്‍ 54 റണ്‍സാണ് രോഹന്‍ നേടിയത്. അഖില്‍ സ്‌കറിയ (12 പന്തില്‍ 7), അജ്നാസ് (9 പന്തില്‍ 3), സല്‍മാന്‍ നിസാര്‍ (18 പന്തില്‍ 21), അന്‍ഫാല്‍ (9 പന്തില്‍ 9), മനു കൃഷ്ണന്‍ (14 പന്തില്‍ 25) റണ്‍സെടുത്ത് നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും, 7.30നാണ് മത്സരം.
































