കാസർഗോഡ്. കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കരണത്തടിച്ച പ്രധാനാധ്യാപകന് സ്ഥലംമാറ്റം. ഹെഡ്മാസ്റ്റർ എം അശോകനെ കടമ്പാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ട്വന്റി ഫോർ ഇമ്പാക്ട്
ഈ മാസം 11ന് സ്കൂൾ അസംബ്ലിക്കിടെ കാൽ കൊണ്ട് ചരൽ നീക്കി കളിച്ചതിനാണ് പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണയെ ഹെഡ്മാസ്റ്റർ എം അശോകൻ കരണത്തടിച്ചത്. പരിശോധനയിൽ വിദ്യാർത്ഥിയുടെ കർണ്ണപുടം പൊട്ടിയതായി കണ്ടെത്തി. രക്ഷിതാക്കൾ ബേഡകം പോലീസിൽ പരാതി നൽകി. വാർത്ത പുറത്തുവന്നതിന് പിന്നാലെ എം അശോകനെതിരെ വ്യാപകമായി പ്രതിഷേധമുയർന്നു. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറെ സംഭവമന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചുമതലപ്പെടുത്തിയത്. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മധുസൂദനൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. ഹെഡ്മാസ്റ്റർ എം അശോകനെ ജില്ലയിലെ തന്നെ കടമ്പാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എന്നാൽ രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് ഇതുവരെ അറസ്റ്റിന് മുതിർന്നിട്ടില്ല.





































