തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിക്ക് സാധ്യത. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി വാങ്ങാൻ ഹൈക്കമാൻഡ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. അബിൻ വർക്കിയെ പകരം അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടു വരുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടി ഉന്നയിച്ച ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ പേര് പറഞ്ഞില്ലെങ്കിലും ഇത് രാഹുലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കരൻ രാഹുലിന്റെ പേരെടുത്ത് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ തന്നെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.
തന്നോട് ചാറ്റ് ചെയ്തശേഷം അതേക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ മോശമായി സംസാരിച്ചുവെന്ന ആരോപണമാണ് എഴുത്തുകാരി ഹണി ഭാസ്കരൻ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ച് താൻ അറിഞ്ഞത്. അതിനാലാണ് ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിക്കുന്നതെന്നും ഹണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
താൻ യാത്രകൾ നടത്തിയതിന് ശേഷം അതേക്കുറിച്ച് അറിയാനെന്ന പേരിലാണ് രാഹുൽ മെസേജ് അയച്ചത്. അതിന് താൻ മറുപടി നൽകുകയും ചെയ്തിരുന്നു.
ഇതിന് ശേഷം ഇതേക്കുറിച്ച് ഇയാൾ വളരെ മോശമായാണ് പലരോടും സംസാരിച്ചത്. അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് എന്നെ ചിത്രീകരിച്ചതെന്നും ഹണി പറഞ്ഞു.
രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാൽ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുലിന്റെ ഇരയായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും കോൺഗ്രസ് പ്രവർത്തകർക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായെത്തുമെന്നും ഹണി പറഞ്ഞിരുന്നു.
































