തിരുവനന്തപുരം: സിനിമാ താരം റിനി ആന്‍ ജോര്‍ജ് യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തനിക്ക് നേരിട്ട മോശം അനുഭവങ്ങള്‍ ഒരു അഭിമുഖത്തിലാണ് റിനി തുറന്നു പറഞ്ഞത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശമായി പെരുമാറിയെന്നും അവര്‍ ആരോപിച്ചു. ഈ വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, ആരോപണവിധേയനായ വ്യക്തിക്ക് വലിയ സ്ഥാനമാനങ്ങള്‍ ലഭിച്ചെന്നും റിനി പറഞ്ഞു.
യുവ രാഷ്ട്രീയ നേതാവില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചെന്നും മോശമായ സമീപനം ഉണ്ടായെന്നും റിനി വെളിപ്പെടുത്തി. ഇത്തരം മോശം അനുഭവങ്ങള്‍ കാരണം തനിക്ക് സിനിമാ മേഖലയില്‍ അവസരങ്ങള്‍ നഷ്ടമായെന്നും കഴിവുള്ളവര്‍ക്ക് പോലും ഇത്തരം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും റിനി പറഞ്ഞു. ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് അവഗണിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ഇത്തരം പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് റിനി വ്യക്തമാക്കി.
ഗിന്നസ് പക്രു നായകനായ ‘916 കുഞ്ഞൂട്ടന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് റിനി ആന്‍ ജോര്‍ജ്. നേരിട്ട് രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കിലും ചില രാഷ്ട്രീയ നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
































