2025 ആഗസ്റ്റ് 20 ബുധൻ
🌴കേരളീയം🌴
🙏 ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാക്രമത്തിലാണെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുന്‍ഗണനാക്രമത്തില്‍ നിയമനം നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
🙏 സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭിക്കും. സെപ്റ്റംബര്‍ നാലിന് വിതരണം പൂര്‍ത്തിയാക്കും. ആറുലക്ഷത്തില്‍ പരം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് ഭക്ഷ്യക്കിറ്റ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

🙏 സെപ്റ്റംബര്‍ ഒന്ന് മുതല്‍ കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഒപി കൗണ്ടര്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
🙏 യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പോസ്റ്റുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോള്‍. നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് തുക നല്‍കണമെന്ന് കെഎ പോള്‍ ആവശ്യപ്പെട്ടു.


🙏 യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ പണം അയയ്ക്കണമെന്ന കെഎ പോളിന്റെ പോസ്റ്റിനാണ് വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്.
🙏 ഓണക്കാലത്ത് ശബരി ബ്രാന്‍ഡില്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി സപ്ലൈക്കോ. പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്, പഞ്ചസാര, ഉപ്പ്, പാലക്കാടന്‍ മട്ട എന്നിവയാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നടി റീമ കല്ലിങ്കലിന് പുതിയ ഉത്പന്നങ്ങളുടെ ആദ്യ വില്പന നടത്തി.

🙏 പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി(42) യാണ് മരിച്ചത്. പത്ത് ലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം.
🙏 പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഒരാള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി സന്തോഷിനെ കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പറ്റി സൂചന ലഭിച്ചെന്ന് കൊഴിഞ്ഞമ്പാറ പൊലീസ് പറയുന്നു.

🇳🇪 ദേശീയം 🇳🇪
🙏 അയര്‍ലണ്ടില്‍ ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള അക്രമം തുടരുന്നു. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കോര്‍ക്ക് കൗണ്ടിയിലുള്ള ഒന്‍പത് വയസുകാരനായ ഇന്ത്യന്‍ വംശജനെ തലയ്ക്ക് കല്ലെറിഞ്ഞാണ് പരിക്കേല്‍പ്പിച്ചത്. ആക്രമണം നടത്തിയ 15 വയസുകാരന പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.
🙏 ഒഡിഷയില്‍ ബ്രാഹ്‌മണി നദിയില്‍ 73 എരുമകള്‍ കൂട്ടത്തോടെ മുങ്ങിച്ചത്തു. ഓള്‍ ബ്ലോക്കിന് കീഴിലുള്ള ഏകമാനിയ ഗ്രാമത്തിനടുത്താണ് ദാരുണ സംഭവം. മത്സ്യബന്ധനത്തിനായി നദിയിലെ വെള്ളത്തില്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന്, വെറ്ററിനറി ഉദ്യോഗസ്ഥര്‍ എരുമകള്‍ ചത്തതിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.


🙏 ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും ലഭിച്ചു. ജില്ലയിലെ നൂറുകണക്കിന് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലെ 90,000-ത്തിലധികം കുട്ടികള്‍ക്കാണ് ഇരിക്കാന്‍ ബെഞ്ചും ഡെസ്‌കും ലഭിച്ചത്. ആദ്യമായാണ് സ്‌കൂളുകളില്‍ ബെഞ്ചും ഡെസ്‌കും ലഭിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
🙏 ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള ചൂതാട്ടത്തിന് പിഴകള്‍ ഏര്‍പ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബില്‍ നാളെ ലോക്സഭയില്‍ കൊണ്ടുവന്നേക്കും.

🙏 രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് സംസ്ഥാനത്തേക്ക് മടങ്ങുമ്പോള്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
🙏 ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍, അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്.

🙏 വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനം പോലീസുകാരന്റെ പാദത്തിലൂടെ കയറിയിറങ്ങി. നവാഡയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. യാത്രയുടെ ഭാഗമായി രാഹുല്‍ സഞ്ചരിച്ചിരുന്ന തുറന്ന ജീപ്പ്, പോലീസ് കോണ്‍സ്റ്റബിളിന്റെ കാല്‍പാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
🙏 ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് പുനസ്ഥാപിക്കും. ഇന്ത്യ ചൈന ബന്ധം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമാണിത്.

🙏 ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിന്‍പിങിന്റെ ക്ഷണക്കത്ത് കൈമാറി.
🙏 ടെസ്ല കാറുകളുമായി പോയ ട്രക്കിന് തീപിടിച്ചു. ട്രക്കിലുണ്ടായിരുന്ന എട്ട് കാറുകളില്‍ ആറെണ്ണവും കത്തി നശിച്ചു. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് സംഭവം. ലോസ് ഏഞ്ചല്‍സ് അഗ്നിരക്ഷാ വിഭാഗം സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കറുത്ത പുകയ്ക്കൊപ്പം തീ ആളിപ്പടരുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലെത്തി.



🙏 ബ്രിട്ടനില്‍ സിഖ് വയോധികര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. ഓഗസ്റ്റ് 15 ന് വോള്‍വര്‍ഹാംപ്ടണിലെ റെയില്‍വേ സ്റ്റേഷന് പുറത്ത് മൂന്ന് കൗമാരക്കാരാണ് രണ്ട് സിഖ് പുരുഷന്മാരെ ആക്രമിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രൂരമായി ആക്രമിച്ച ഇംഗ്ലീഷ് കൗമാരക്കാര്‍, സിഖ് വയോധികന്റെ തലപ്പാവ് ബലമായി അഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
🙏 ഉത്തര്‍പ്രദേശിലെ ടോള്‍ പ്ലാസയില്‍ ജവാനെ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. കപില്‍ കവാദ് എന്ന സൈനികനെയാണ് മീററ്റിലെ ടോള്‍ പ്ലാസയിലെ തൊഴിലാളികള്‍ ആക്രമിച്ചത്.

🙏 മഹാരാഷ്ട്രയില്‍ മുംബൈയിലടക്കം വിവിധ മേഖലകളില്‍ കനത്ത മഴ തുടരുന്നു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നല്‍കി. മുംബൈ, താണെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
🙏 മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി വിതരണം താറുമാറായതോടെ ഉയരത്തിലൂടെ പോകുകയായിരുന്ന മോണോ റെയില്‍ ട്രാക്കില്‍ കുടുങ്ങി. നവി മുംബൈയിലെ വാഷി ഗാവ് പ്രദേശത്താണ് സംഭവം.


🙏 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ ദില്ലി പൊലീസിന് പരാതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും സര്‍ക്കാരിനെതിരായി പ്രവര്‍ത്തിച്ചെന്നും കാട്ടിയാണ് പരാതി. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പരാതി നല്‍കിയത്.
🇦🇺 അന്തർദേശീയം 🇦🇽
🙏 യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇത് ‘വലിയ കാര്യം’ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സമാധാന കരാര്‍ ഇല്ലെങ്കിലും മൂന്ന് വര്‍ഷത്തെ നീണ്ട യുദ്ധത്തിനിടെ യുദ്ധത്തിനിടെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറായത് സുപ്രധാനമായ മാറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


🙏 റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാന കരാറിന് തയാറായില്ലെങ്കില്‍ പുട്ടിന്‍ കഠിനമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി റഷ്യ – യുക്രെയ്ന്‍ – യുഎസ് ത്രികക്ഷി സമ്മേളനത്തിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് വേദിയാക്കാന്‍ യുഎസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
🏏 കായികം🏏
🙏 ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള 15-അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് നായകന്‍. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമിലുണ്ട്. ജസ്പ്രീത് ബുംറയും ടീമിലുണ്ട്. അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റു ബാറ്റര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍.


🙏സഞ്ജുവിന് പുറമേ ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ബൂംറക്ക് പുറമെ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയുമാണ് മറ്റുപേസര്‍മാര്‍. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. അതേസമയം ടീമിലിടം പിടിക്കുമെന്ന് കരുതിയ ശ്രേയസ്സ് അയ്യര്‍, യശസ്വി ജയ്സ്വാള്‍, മുഹമ്മദ് സിറാജ് എന്നിവര്‍ 15-അംഗ പട്ടികയിലില്ല. ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്.






































