അതുല്യയുടെ മരണം: പ്രാരംഭ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

Advertisement

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ കോയിവിള സ്വദേശി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രാരംഭ അന്വേഷണ റിപ്പോർട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. കേസിലെ പ്രാഥമിക വാദം കേൾക്കുന്നതിനായി കേസ് ഇന്ന് പരിഗണിക്കും. നിലവിൽ കേസിലെ പ്രതി സതീഷ് ശങ്കറിന് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ തുടർ നടപടികളും ഇന്ന് അറിയാനാകും. കൊലപാതക കുറ്റം ചുമത്തി പൊലിസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വകുപ്പ് റദ്ദാക്കാനാണ് സാധ്യതയെന്നാണ് സൂചന.
മൊഴിയെടുപ്പും തെളിവുശേഖരണവും പൂർത്തിയാക്കി ഡിവൈ.എസ്.പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള ക്രെെംബ്രാഞ്ച് സംഘമാണ് ജില്ലാ ജഡ്ജി രാജുവിന്റെ മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചത്.
അതുല്യയുടെ പിതാവ് രാജശേഖരൻപിള്ള, മാതാവ് തുളസീഭായി, സഹോദരി അഖില എന്നിവരെ കൂടാതെ, മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലെെ 19നാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement