ഓണം കൊഴുപ്പിക്കാൻ ‘പൂത്തിരി’യെന്ന് പേരിട്ട് എംഡിഎംഎ വില്‍പന നടത്തിയിരുന്നയാൾ എക്സ്സൈസ് പിടിയിൽ. ആലുവ ഈസ്റ്റ്, കൊടികുത്തിമല സ്വദേശി മുസാബിര്‍ മുഹമ്മദാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചിരുന്നത്. എംഡിഎംഎ കൊച്ചിയിലെത്തിയാല്‍ സമൂഹമാധ്യമ അക്കൗണ്ടിലും മറ്റ് ഗ്രൂപ്പുകളിലും മുസാബിറിന്‍റെ സന്ദേശമെത്തും ‘പൂത്തിരി ഓണായിട്ടുണ്ട്’. ഇതോടെ ആവശ്യക്കാര്‍ ഓര്‍ഡര്‍ നല്‍കും. ഓര്‍ഡറെടുത്താല്‍ ലഹരിമരുന്ന് കൈമാറും മുന്‍പ് പണം കിട്ടണം. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി പണമെത്തിയാല്‍ മാത്രം ലഹരിമരുന്ന് കൈമാറുന്നതാണ് രീതി. അതും ഇടപാടുകാര്‍ക്ക് നേരിട്ട് കൈമാറില്ല. വെള്ളവും ഈര്‍പ്പവും കയറാതെ സിപ്പ് ലോക്ക് കവറില്‍ സൂക്ഷമമായി പായ്ക്ക് ചെയ്ത് റോഡരികിലോ സംശയം തോന്നാത്ത സ്ഥലങ്ങളിലും കൊണ്ടുവെയ്ക്കും. പിന്നീട് ആ സ്ഥലത്തിന്‍റെ ലൊക്കേഷനും ലഹരിമരുന്ന് പായ്ക്കറ്റിന്‍റെ ഫോട്ടോയും അയച്ചു നല്‍കും. പണം നല്‍കിയവര്‍ ഇവിടെ വന്ന് ലഹരിമരുന്ന് എടുത്ത് കൊണ്ടുപോകണം.
ഇടനിലക്കാരെ കാത്ത് നില്‍ക്കുമ്പോളാണ് മുസാബിറിനെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആര്‍. അഭിരാജിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. കളമശ്ശേരി എച്ച്എംടി തോഷിബ ജംക്ഷന് സമീപത്തെ ബസ് സ്റ്റാന്‍ഡിന് സമീപമാണ് മുസാബിര്‍ ഇടപാടുകാരെ കാത്തുനിന്നത്. മുസാബിര്‍ ആഴ്ചകളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘം എത്തിയതോടെ മുസാബിര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ട് ഇയാളെ പിടികൂടുകയായിരുന്നു.
































