കൊച്ചി. മരപ്പട്ടി ശല്യത്തെ തുടർന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ കോടതി സിറ്റിങ് നിർത്തിവച്ചു. ഇന്നലെ രാത്രിയാണ് നാലാം നിലയിലെ ഒന്നാം നമ്പർ കോടതിയായ ചീഫ് ജസ്റിസിൻ്റെ കോടതിയിൽ മരപ്പട്ടി കയറിയത്. മുറിക്കുള്ളിലെ സീലിങ് വഴി ഉള്ളിലെത്തിയ മരപ്പട്ടി, അഭിഭാഷകർ ഇരിക്കുന്ന ഭാഗത്ത് മൂത്രമൊഴിച്ചു. രൂക്ഷ ദുർഗന്ധത്തെ തുടർന്നാണ് രാവിലെ അടിയന്തരമായി കേൾക്കേണ്ട കേസുകൾ പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസിന്റ ബെഞ്ച് സിറ്റിങ് അവസാനിപ്പിച്ചത്. ബാക്കി കേസുകൾ മറ്റുദിവസങ്ങളിലേക്ക് മാറ്റി. കോടതി മുറിയിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാലാണ് ഇന്നത്തേക്ക് സിറ്റിങ് നിർത്തിവെച്ചത്. മരപ്പട്ടി പ്രവേശിച്ച വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നു കിലോയോളം ഭാരമുള്ള മരപ്പട്ടിയെ പിടികൂടിയിരുന്നു.






































