തിരുവനന്തപുരം. പരാതി കത്ത് ചോർച്ചാ വിവാദത്തെ പ്രതിരോധിക്കാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ആരോപണ വിധേയനായ രാജേഷ് കൃഷ്ണക്ക് എങ്ങനെ സംരക്ഷണം കിട്ടിയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സിപിഎം
2022 മുതൽ വിവിധ ഘട്ടങ്ങളിൽ രാജേഷ് കൃഷ്ണക്ക് എതിരെ പരാതി കിട്ടിയിട്ടും മധുര പാർട്ടി കോൺഗ്രസിൽ എങ്ങനെ പ്രതിനിധിയായി എന്ന ചോദ്യമാണ് പാർട്ടിയെ കുഴക്കുന്നത്. കത്ത് വിവാദത്തിന് പിന്നിൽ പാർട്ടി നേതൃത്വത്തിലെ ചിലരുണ്ടെന്ന് ആക്ഷേപം ഉണ്ടെങ്കിലും ഇന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പ്രതിരോധിച്ച് നേതാക്കൾ രംഗത്തെത്തി. രാജേഷ് കൃഷ്ണ സർക്കാർ പദ്ധതികളുടെ ഇടനിലക്കാരനാണോ എന്നാണ് പ്രതിപക്ഷത്തിൻ്റെ ചോദ്യം.
ഇന്നലെ എ.കെ.ജി സെൻ്റർ പുറത്തുവിട്ട കത്താണ് സിപിഎം എത്തിയ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഉദാഹരണം. എം.വി ഗോവിന്ദേനോട് ആദരവ് മാത്രമേ ഉള്ളു എന്ന് പറഞ്ഞു കൊണ്ട്
2024 മെയ് 27 ന് മുഹമ്മദ് ഷെർഷാദ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സംസ്ഥാന നേതാക്കൾക്കും അയച്ചതാണ് ഈ കത്ത്. ഇരുമ്പുമറ ഭേദിച്ച് ഈ കത്ത് പുറത്തു വിടാൻ എന്തുകൊണ്ട് പാർട്ടി നേതൃത്വം നിർബന്ധിതമായി എന്ന് ചിന്തിച്ചാൽ വിവാദം എത്ര വലിയ ആഘാതമാണ് സിപിഎം ന് ഉണ്ടാക്കിയിരിക്കുന്നതെന്ന് വ്യക്തം
ആകും. കത്ത് പുറത്ത് വിട്ടും സംസ്ഥാന സെക്രട്ടറിക്ക് സംരക്ഷണം ഒരുക്കിയും പ്രതിരോധത്തിന് നല്ല ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പാർട്ടി പുറത്തുവിട്ട കത്തുതന്നെ നേതൃത്വത്തെ തിരിഞ്ഞു കൊത്തുന്നതാണ്. 2024 ൽ പരാതി കിട്ടിയിട്ടും 25 ലെ പാർട്ടി കോൺഗ്രസിൽ രാജേഷ് കൃഷ്ണ എങ്ങനെ പ്രതിനിധിയായി എന്ന ചോദ്യമാണ് നേതൃത്വത്തിനു നേരെ ഉയരുന്നത്. അതിനാകട്ടെ ഇപ്പോഴും ഉത്തരമില്ല.
നിർണായക ചോദ്യത്തിന് മറുപടി ഇല്ലെങ്കിലും സംസ്ഥാന സെക്രട്ടറിയെ പ്രതിരോധിക്കാൻ നേതാക്കൾ സജീവമായി രംഗത്തുണ്ട്
തിരഞ്ഞെടുപ്പ് കാലം ലക്ഷ്യം വെച്ചുള്ള നീക്കമാണ് കത്ത് ചോര്‍ച്ച വിവാദം എന്ന ആക്ഷേപവും സിപിഐഎം ഉയർത്തുന്നുണ്ട്.
പരാതിയെ കുറിച്ച് ഇ പി ജയരാജൻ വിളിച്ച് അന്വേഷിച്ചിരുന്നതായി മുഹമ്മദ് ഷർഷാദ് സ്ഥിരീകരിച്ചു
രാജേഷ് കൃഷ്ണയുമായുളള അടുത്ത ബന്ധമാണ് അദ്ദേഹത്തെ സംരക്ഷിച്ചു നിർത്താൻ കാരണമെന്ന ആക്ഷേപമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഉയരുന്നത്






































