കോഴിക്കോട്.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള കുട്ടിയുടെ സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചു. അതേ സമയം രോഗം സ്ഥിരീകരിച്ച് ചികിൽസയിലുള്ള രണ്ടു പേരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്
പനി കൂടിയതിന് പിന്നാലെയാണ് ഏഴു വയസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങൾ കണ്ടതിനാൽ സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച് രണ്ടു പേരാണ് ചികിൽസയിലുള്ളത് ഓമശ്ശേരി പഞ്ചായത്തിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞും തലക്കുളത്തൂർ പഞ്ചായത്തിലെ 31 വയസ്സുള്ള യുവാവുമാണ് ചികിത്സയ്ക്കുള്ളത്.കുഞ്ഞ് വെന്റിലേറ്ററിലും യുവാവ് ഐ സി യു വിലും ആണ്.കുഞ്ഞിൻറെ രോഗാണു ഉറവിടം മാത്രമാണ് നിലവിൽ ആരോഗ്യ വകുപ്പിന് വ്യക്തമായിട്ടുള്ളത്.
താമരശ്ശേരിയിൽ രോഗബാധയെ തുടർന്ന് മരിച്ച നാലാം ക്ലാസുകാരിയുടെ വീട്ടിലെയും കുട്ടി കുളിച്ച കുളത്തിലെയും ഒപ്പം സ്കൂളിലെയും വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.യുവാവ് കുളിച്ചെന്ന് സംശയിക്കുന്ന കുളത്തിലെ വെള്ളവും ശേഖരിച്ചിട്ടുണ്ട്.ഇതിൻ്റെ പരിശോധന ഫലം വന്നാൽ മാത്രമേ രോഗത്തിൻറെ ഉറവിടം വ്യക്തമാവുകയുള്ളൂ. അതേസമയം ജില്ലയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം ആണ് നൽകിയിട്ടുള്ളത്.രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടി നടത്തുന്നുണ്ട്






































