വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 19 ചൊവ്വ

🌴കേരളീയം🌴

🙏 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ക്കാരിന്റെ മരണാന്തര അവയവ ദാന ഏജന്‍സിയായ കെ സോട്ടോയെ വിമര്‍ശിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ മോഹന്‍ ദാസിന് മെമ്മോ നല്‍കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍.

🙏 ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി.

🙏 കേരള സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനത്തിലും വിവാദം. പരിപാടിയില്‍ റജിസ്ട്രാറായി പങ്കെടുക്കുക ഡോ കെ എസ് അനില്‍കുമാറാണ്. ഇദ്ദേഹത്തിന്റെ പേരാണ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ പരിപാടിയുടെ നോട്ടീസില്‍ ഉള്‍പ്പെടുത്തിയത്.

🙏 കാസര്‍കോട് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം അടിച്ച് പൊട്ടിയ സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

🙏 ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ കേസിലെ മുന്‍ പ്രതിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ അബ്ദുള്‍ റഷീദിനെതിരെ പരാതിയുമായി മൂന്നുപ്രതികള്‍ രംഗത്ത്. കേസിന് ഹാജരാകുമ്പോള്‍ പ്രതികളെയും സാക്ഷികളെയും അബ്ദുള്‍ റഷീദ് ഭീഷണിപ്പെടുത്തുവെന്നാണ് പ്രതികളുടെ പരാതി.

🙏 കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്.

🙏 ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

🙏 ശക്തമായ മഴ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടി, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

🙏 യഥാര്‍ത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം.എ അബ്ദുല്ല മൗലവി ബാഖവിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.

🙏 ചിറയിന്‍കീഴ് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം 2 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്.

🙏 നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 30 ന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടര്‍. ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

🙏 പത്തനാപുരത്ത് സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്‍ സ്വദേശി ടോണി കെ. തോമസ്(27) ആണ് മരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു മരിച്ച ടോണി.

🙏തിമിംഗല ഛര്‍ദി എന്നറിയപ്പെടുന്ന ആമ്പര്‍ ഗ്രീസുമായി രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ പുറക്കല്‍ വീട്ടില്‍ ജിനീഷ് (39), അഞ്ച്തൈക്കല്‍ വീട്ടില്‍ സൗമിത്രന്‍(38) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2 കോടി രൂപയിലേറെ മൂല്യം വരുന്ന 1.2 കിലോ ആമ്പര്‍ഗ്രീസ് പിടിച്ചെടുത്തു.

🙏 ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസിന്റെ ശുചിമുറിയുടെ വേസ്റ്റ് ബിന്നില്‍ നാല് മാസത്തോളം വളര്‍ച്ച എത്തിയ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം.

🇳🇪   ദേശീയം  🇳🇪

🙏 മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയത് പ്രതിപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

🙏 ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാരെന്ന് ഇന്ന് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ഉച്ചയ്ക്ക് ചേരുന്ന യോഗത്തിനു ശേഷമാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.

🙏 ബഹിരാകാശ യാത്രയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ബഹിരാകാശ യാത്രയുടെ അനുഭവം ശുഭാംശു വിശദീകരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ശുഭാംശു പ്രധാനമന്ത്രിയെ കാണിച്ചു.

🙏 ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ നാളത്തെ സ്വാതന്ത്ര്യ പോരാളികളാണെന്ന് ഗൗതം അദാനി. ഐഐടി ഖരഗ്പൂറില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ യുദ്ധരീതികള്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അധികാര യുദ്ധങ്ങളിലേക്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

🙏 തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ കടുത്ത ആരോപണവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിക്ക് നേട്ടം ലഭിക്കാനായി പിന്നാക്കവിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

🙏 അസമിലെ ദിമാ ഹസാവോ ജില്ലയില്‍ മഹാബലയെന്ന സ്വകാര്യ സിമന്റ് കമ്പനിക്ക് 3,000 ബിഗാ ആദിവാസി ഭൂമി, ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ഗുവാഹത്തി ഹൈക്കോടതി വിമര്‍ശിച്ചു.

🙏 ധര്‍മ്മസ്ഥലയില്‍ സമ്മര്‍ദത്തിന് വഴങ്ങി കര്‍ണാടക സര്‍ക്കാര്‍. ഭൂമി കുഴിച്ചുള്ള പരിശോധന തല്‍ക്കാലം നിര്‍ത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ലഭിച്ച മൃതദേഹ ഭാഗങ്ങളുടെ ഫൊറന്‍സിക് ഫലം കാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍.

🙏 മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നഗരത്തിലടക്കം വന്‍ ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം മുംബൈ നഗരത്തില്‍ 54 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി.

🙏 ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയ്ക്ക് ആദരവുമായി ലോക്സഭ. ശുഭാംശുവിന്റെ യാത്ര 140 കോടി ഇന്ത്യക്കാര്‍ക്ക് അഭിമാനവും പ്രചോദനവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. പ്രത്യേക ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ ബഹളം കടുത്തതോടെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു.

🙏 ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്ന് ചര്‍ച്ചയില്‍ എസ് ജയശങ്കര്‍ പറഞ്ഞു.

🇦🇺 അന്തർദേശീയം 🇦🇺

🙏 റഷ്യ-യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി നടത്തുന്ന നിര്‍ണായക കൂടിക്കാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍.

🙏 ഫ്ലോറിഡയിലെ ടേണ്‍പൈക്കില്‍ ഒരു സെമി ട്രക്ക് നിയമവിരുദ്ധമായി യു-ടേണ്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. അപകടത്തിനുശേഷം, ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ക്ക് നേരെ വ്യാപക വംശീയ അധിക്ഷേപം. സെന്റ് ലൂസി കൗണ്ടിയില്‍, ടേണ്‍പൈക്കിന്റെ വടക്ക് ദിശയിലുള്ള ലെയ്‌നിലാണ് അപകടം നടന്നത്.

🙏 ഗാസയിലെ യുദ്ധം രൂക്ഷമായിരിക്കെ വെടിനിര്‍ത്തലിനുള്ള പുതിയ കരാര്‍ ഹമാസ് ഭേദഗതികളില്ലാതെ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

🙏 യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചു. അലാസ്‌കയില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പ്രസിഡന്റ് പുടിന്‍ മോദിയുമായി പങ്കുവെച്ചതായാണ് വിവരം.

🏑കായികം

🙏 ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി മലയാളി അത്ലറ്റ്. ട്രിപ്പിള്‍ ജംപ് താരം ഷീന എന്‍.വിക്ക് നാഡയുടെ സസ്പെന്‍ഷന്‍. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി നാഡ വൃത്തങ്ങള്‍ അറിയിച്ചു. ഉത്തരാഖണ്ട് ദേശീയ ഗെയിംസിലും ഫെഡറഷന്‍ കപ്പിലും മെഡല്‍ നേടിയിരുന്നു. പരിശീലകന്റെ പിഴവാണെന്ന് ഷീനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Advertisement