ചേകാടി സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ അപ്രതീക്ഷിത പരിശോധനക്കുവന്ന ആളെക്കണ്ട് അധ്യാപകര്‍ ഞെട്ടി

Advertisement

വയനാട്. പുല്‍‌പ്പള്ളി ചേകാടി സര്‍ക്കാര്‍ എല്‍പി സ്കൂളിലേക്ക് ഇന്ന് അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. സ്കൂള്‍ വരാന്തയിലും ഓഫീസിന് മുന്നിലും വളപ്പിലും ഒരു മണിക്കൂറോളമാണ് അവന്‍ ചിലവഴിച്ചത്. വഴിതെറ്റിയെത്തിയ കുട്ടിയാനയായിരുന്നു ആ അതിഥി

ഉച്ചയ്ക്ക് ഒരുമണിയോടെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന്‍റെ ഇടവേളയിലാണ് കുഞ്ഞന്‍ ആന ചേകാടി സ്കൂളിലേക്ക് കടന്ന് വന്നത്. സ്കൂള്‍ വരാന്തയിലും ക്ലാസ് മുറികള്‍ക്ക് മുന്നിലും കൌതുകത്തോടെ റോന്തുചുറ്റി. ഈ സമയം കുട്ടികളെ മുഴുവന്‍ ക്ലാസ് മുറികളിലേക്ക് മാറ്റി അധ്യാപകര്‍ വാതിലുകളടച്ചു. വാര്‍ഡ് മെമ്പറെയും നാട്ടുകാരെയും അറിയിച്ചു. അവരെല്ലാവരും സ്കൂളിന് കവചമായി. സ്കൂള്‍ വളപ്പ് വിട്ടുപോകാന്‍ ഒരുക്കമല്ലായിരുന്നു അപ്പോഴും കുഞ്ഞന്‍ ആന.

ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. കുട്ടിയാനയെ വലയിലാക്കി. പിന്നെ നേരെ വനത്തിനുള്ളിലേക്ക്. കാട്ടാനക്കൂട്ടത്തിനൊപ്പം ചേര്‍ക്കുകയെന്നതായിരുന്നു ദൌത്യം. ഇന്ന് രാവിലെയാണ് ഈ കാട്ടാനക്കുട്ടി കിടങ്ങില്‍ വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയാനയെ കാട്ടാനക്കൂട്ടത്തിനടുത്തേക്ക് എത്തിച്ചുവെങ്കിലും ഇത് സ്കൂളിലേക്ക് എത്തുകയായിരുന്നു… വനമേഖലയോട് ചേര്‍ന്ന്കിടക്കുന്ന സ്കൂളായതിനാല്‍ കാട്ടാനകള്‍ ഇവര്‍ക്ക് പുതിയ അനുഭവമല്ല..

Advertisement