പാലക്കാട്: സ്വാമിയായി വേഷം മാറി നടന്ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ചിരുന്ന പോക്‌സോ കേസ് പ്രതി അറസ്റ്റില്‍. നാലുവര്‍ഷങ്ങളായി കാഷായ വസ്ത്രം ധരിച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് ജീവിക്കുകയായിരുന്നു ഇയാള്‍. ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് (51) ആലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് ഇയാള്‍. തമിഴ്‌നാട് തിരുവണ്ണാമലയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സിദ്ധനായി നടിച്ച് വീടുകളില്‍ പൂജകള്‍ ചെയ്ത് ജീവിച്ചുവരികയായിരുന്നു.
2021-ലാണ് ശിവകുമാർ പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടത്. പിന്നീട് നിബന്ധനകളോടെ ജാമ്യം ലഭിച്ചതോടെ ഒളിവില്‍ പോവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാളെക്കുറിച്ചുള്ള വിവരശേഖരണം പ്രയാസമായിരുന്നു, ഇത് പോലീസിനെ വലച്ചു. ഇയാളെ ഉടന്‍ പിടികൂടി ഹാജരാക്കാന്‍ ജില്ലാ പൊലീസ് മേധാവി ആലത്തൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിന് ശേഷമാണ് പൊലീസിന് ശിവകുമാറിനെക്കുറിച്ച് കൂടുതല്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുന്നത്.
തിരുവണ്ണാമല ക്ഷേത്രത്തിന്റെ പരിസരത്ത് താടിയും മീശയും വളര്‍ത്തി, കാഷായ വസ്ത്രം ധരിച്ച് സിദ്ധനെ പോലെ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് തിരിച്ചറിയുന്നത്. ഇതോടെ നാല് വര്‍ഷങ്ങള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ച് നടന്ന പ്രതി പിടിയിലാവുകയായിരുന്നു.
































