മൂന്നുപതിറ്റാണ്ടോളം വേദികളിൽ നിറഞ്ഞുനിന്ന മിമിക്രി താരം പാലാ സുരേഷിനെ (സുരേഷ് കൃഷ്ണ-53) വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. പിറവത്തെ വാടകവീട്ടിലായിരുന്നു അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസംബന്ധമായി അസുഖബാധിതനായ സുരേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു. പിറവം തേക്കുംമൂട്ടിൽപ്പടിക്കടുത്ത് കുടുംബസമേതം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാതിരുന്നപ്പോഴാണ് വിവരമറിഞ്ഞത്. അകത്ത് നിന്നടച്ചിരുന്ന വാതിൽ തള്ളിത്തുറന്ന് ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഉറക്കത്തിൽ ഹൃദയസ്തംഭനം ഉണ്ടായതായാണ് നിഗമനം.
മൂന്നുപതിറ്റാണ്ടോളമായി മിമിക്രി വേദികളിൽ നിറഞ്ഞുനിന്ന കലാകാരനാണ്. മെഗാ ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേദിയിൽ അനുകരിച്ചതോടെയാണ് കൂടുതൽ പ്രശസ്തനായത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും വേഷമിട്ടിരുന്നു. എബിസിഡി എന്ന മലയാളം സിനിമയിൽ ഒരു പത്ര പ്രവർത്തകന്റെ വേഷം ചെയ്തിരുന്നു. കൊല്ലം നർമ ട്രൂപ്പിൽ പ്രൊഫഷണൽ ആർട്ടിസ്റ്റായിരുന്നു. കൊച്ചിൻ രസികയിലും സജീവമായിരുന്നു.
































