തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ഇന്ന് മുതൽ പരീക്ഷകൾ ആരംഭിക്കുന്നത്. കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചതിനാൽ തൃശൂർ ജില്ലയിലെ സ്കൂളൂകളിൽ ഇന്ന് പരീക്ഷയില്ല. ഈ പരീക്ഷകൾ ഈ മാസം 29ന് നടക്കും.
എൽ പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 26നാണ് പരീക്ഷകൾ സമാപിക്കുന്നത്. പരീക്ഷാ ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കേണ്ടി വന്നാൽ ആ പരീക്ഷകൾ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസ്സുകളിൽ പരീക്ഷക്ക് സമയപരിധി ഉണ്ടാകില്ല. അതിനിടെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകള്‍ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ അറിയിച്ചു.
ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേകം മൂന്നംഗ പരീക്ഷാസെല്ലും സജ്ജമാക്കിയിട്ടുണ്ട്. ബിആര്‍സികളില്‍ ചോദ്യക്കടലാസ് വിതരണം ചെയ്യുമ്പോള്‍ ഇഷ്യൂ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണമെന്നും മുഴുവന്‍ സ്‌കൂളുകളും ചോദ്യക്കടലാസ് കൈപ്പറ്റുന്നത് വരെ മുറിയും അലമാരയും മുദ്രവച്ച് സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആര്‍സി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിര്‍വ്വഹിക്കും.
































