കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI 504 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തിവച്ചു. എഞ്ചിൻ തകരാറാണ് ഇതിന് കാരണമെന്ന് സൂചനയുണ്ട്. രാത്രി 10.15ന് ബോർഡിംഗ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുമ്പോഴാണ് സംഭവം.
യാത്രക്കാരിൽ ഒരാളായ ഹൈബി ഈഡൻ എംപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. “AI 504 വിമാനത്തിൽ എന്തോ അസാധാരണമായി സംഭവിച്ചിരിക്കുന്നു. വിമാനം റൺവേയിൽ തെന്നിമാറിയതുപോലെ തോന്നി. ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ല,” എന്ന് അദ്ദേഹം കുറിച്ചു. ഹൈബി ഈഡൻ എംപിയും കുടുംബവും ഉൾപ്പെടെ മൂന്ന് എംപിമാരും വിമാനത്തിലുണ്ടായിരുന്നു.
വിമാനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. പിന്നീട് വിമാനം റൺവേയിൽ നിന്ന് മാറ്റിയിട്ടു. യാത്രക്കാർ സുരക്ഷിതരാണെന്നും, എഞ്ചിൻ തകരാറാണ് ഈ അപ്രതീക്ഷിത സംഭവത്തിന് കാരണമെന്നും അധികൃതർ അറിയിച്ചു.
































