സുരേഷ് ​ഗോപി ആരോപണങ്ങൾക്ക് മറുപടി പറയണം, സത്യം വിളിച്ച് പറയുന്നവരെ അപമാനിക്കുകയല്ല വേണ്ടത്, ടിഎൻ പ്രതാപൻ

Advertisement

തൃശ്ശൂർ: വാനരർ പരാമർശം നടത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്​ ഗോപിക്ക് മറുപടിയുമായി മുൻ എംപി ടിഎൻ പ്രതാപൻ. വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയാതെ സത്യം വിളിച്ച് പറയുന്നവരെ അപമാനിക്കുകയാണ് സുരേഷ് ഗോപി. ഇലക്ഷൻ കമ്മീഷനെ കൂട്ട് പിടിച്ച് താൻ ചെയ്ത കുറ്റകൃത്യത്തിൽ നിന്ന് രക്ഷപെടാമെന്ന് സുരേഷ് ഗോപി കരുതേണ്ടെന്നും ടിഎൻ പ്രതാപൻ പറഞ്ഞു.

ഒരു വ്യക്തിയും കുടുംബവും താമസസ്ഥലം മാറിപോകുമ്പോൾ വോട്ട് മാറ്റി ചേർത്തത് പോലെയല്ല സുരേഷ് ഗോപിയും കുടുംബവും തൃശൂരിൽ വോട്ട് ചേർത്തത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മത്സരിക്കുമ്പോൾ അദ്ദേഹത്തിന് തിരുവനന്തപുരത്ത് തന്നെയാണ് വോട്ട്. എന്നാൽ, ഇത്തവണ 75,000ത്തോളം വ്യാജ വോട്ടുകൾ ചേർക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ സുരേഷ് ഗോപിയും കുടുംബവും പങ്കാളികളാവുകയായിരുന്നു.

തൃശ്ശൂരിലാണ് താമസിക്കുന്നതെങ്കിൽ ആ വിലാസത്തിൽ വരാനിരിക്കുന്ന കോർപറേഷൻ തെരഞ്ഞെടുപ്പിലേയ്ക്കുള്ള വോട്ടർ പട്ടികയിലും സുരേഷ് ഗോപിയുടേയും കുടുംബത്തിന്റേയും പേരുകൾ ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടേയും കുടുംബത്തിന്റേയും വോട്ട് തിരുവനന്തപുരത്താണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത് പോലെ താമസസ്ഥലം മാറി സുരേഷ് ഗോപി വോട്ട് ചേർത്തതല്ല എന്ന് ഇതിൽ നിന്നും വ്യക്തമാണ്. താമസസ്ഥലം മാറാതെ കൃത്രിമ രേഖയുണ്ടാക്കി തൃശൂരിൽ വോട്ട് ചേർക്കുകയാണ് സുരേഷ് ഗോപി ചെയ്തത്. അത് പോലിസ് അന്വേഷണത്തിൽ തെളിയും. ഈ ആരോപണത്തിനാണ് മറുപടി പറയേണ്ടത്. അതിന് പകരം സത്യം വിളിച്ച് പറയുന്നവരെ അപമാനിക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നത്. ഇത് സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പാരമ്പര്യമുള്ള ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല. തൃശൂരിന്റെ പ്രതിനിധിയാകാനുള്ള യോഗ്യതയില്ലെന്ന് ഈ പരാമർശത്തിലൂടെ തെളിയിക്കുകയാണ് സുരേഷ് ഗോപി ചെയ്തതെന്നും ടിഎൻ പ്രതാപൻ പറഞ്ഞു.

Advertisement