മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കുറ്റിപ്പുറം പള്ളിപ്പടിയിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം പകൽ 12.10ഓടെയാണ് അപകടമുണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ചമ്രവട്ടം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ടൂറിസ്റ്റ് ബസ് ഡിവൈഡറിലും പിന്നീട് മറ്റൊരു കാറിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബസ് ഒരു വശത്തേക്ക് പൂർണമായി മറിഞ്ഞു. നിരവധി പേർ ബസിലുണ്ടായിരുന്നതായാണ് വിവരം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിനും കേടുപാടുകൾ സംഭവിച്ചു. ഡിവൈഡറിലും കാറിലുമിടിച്ചാണ് ബസ് മറിഞ്ഞതന്നാമാണ് ദൃക്സാക്ഷികൾ പറയുന്നത്. നിലവിൽ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റിയിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
































