ഇന്ന് ചിങ്ങം ഒന്ന്: കര്‍ക്കിടകം പോയി; പൊന്നിൻ ചിങ്ങമെത്തി, പുതു നൂറ്റാണ്ടിൻ്റെ ചിങ്ങപ്പുലരിയെ പ്രതീക്ഷയോടെ വരവേറ്റ് മലയാളികള്‍

Advertisement

തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്. പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേല്‍ക്കുകയാണ് മലയാളികള്‍. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികള്‍ കാല്‍വയ്ക്കുന്ന ദിവസം.

കർക്കടക വറുതിയുടെ നാളുകള്‍ പിന്നിട്ട് ഓണത്തെ വരവേല്‍ക്കാനായി ഇന്നുമുതല്‍ നാടും നഗരവും ഒരുങ്ങും. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാല്‍ മലയാളികള്‍ക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്.
കാർഷിക സമൃദ്ധി വിളംബരംചെയ്‌ത്‌ പുതുനൂറ്റാണ്ടിന്റെ ചിങ്ങപ്പുലരി. എഡി 825 ആഗസ്‌ത്‌ 25ന്‌ തുടങ്ങിയ മലയാളം കലണ്ടർപ്രകാരം 13–ാം നൂറ്റാണ്ടിലെ ആദ്യവർഷമാണ് ഞായറാഴ്‌ച പിറന്നത്. ദുരിതം പെയ്‌ത കർക്കടകം പിന്നിട്ട് ഇനി പ്രതീക്ഷയുടേയും സന്തോഷത്തിന്റെയും ആരവങ്ങളുമായി ഓണക്കാലം.
കർഷക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും ഞായറാഴ്‌ച നടക്കും. പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്‌ഘാടനംചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. രാവിലെ 8.30ന് തൃശൂർ തേക്കിൻകാട്‌ മൈതാനത്തുനിന്നാരംഭിക്കുന്ന വർണശബളമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. മികച്ച കർഷകരെ ആദരിക്കും.
ചിങ്ങപുലരിയില്‍ ശബരിമല സന്നിധാനത്ത് വൻ ഭക്തജനതിരക്ക്. ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പമ്പാ സ്നാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement