‘മാതാപിതാക്കളെ കൊന്നത് സ്നേഹിച്ച സ്ത്രീയെ വിവാഹം ചെയ്തു തരാത്തതിനാല്‍, വേറെ വിവാഹവും നടത്തിത്തന്നില്ല’

Advertisement

ആലപ്പുഴ: വിവാഹം നടത്താത്തതിലുള്ള പക മൂലമാണ് അച്ഛനമ്മമാരെ കുത്തിക്കൊന്നതെന്ന് പ്രതിയായ മകന്റെ മൊഴി. ആലപ്പുഴ കൊമ്മാടിക്കു സമീപം മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തില്‍ തങ്കരാജൻ (70), ഭാര്യ ആഗ്നസ് (69) എന്നിവർ വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു(49)വിന്റെ കുത്തേറ്റു മരിച്ചത്.ഇയാളെ കോടതി റിമാൻഡ് ചെയ്തു.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കാളാത്തു വാർഡിലുള്ള മകള്‍ മഞ്ജുവിന്റെ വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ചാത്തനാട് പള്ളിയിലെ പൊതുദർശനത്തിനുശേഷം മൗണ്ട് കാർമല്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.

മുൻപ്, പച്ചക്കറിക്കടയില്‍ ജോലിചെയ്തപ്പോള്‍ ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ കൂടുതല്‍ എതിർത്തു. അതോടെ അമ്മയോട് കടുത്ത പകയായിരുന്നെന്നും മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി മൊഴിനല്‍കി. തുടർന്ന്, ബാബു മദ്യപിച്ച്‌ വീട്ടില്‍ ബഹളമുണ്ടാക്കുക പതിവായി. മദ്യപിക്കാൻ പണമാവശ്യപ്പെട്ട് സഹോദരിയുടെ വീട്ടിലെത്തിയും ശണ്ഠകൂടുമായിരുന്നു.

വ്യാഴാഴ്ചയും ഇത്തരത്തില്‍ വീട്ടില്‍ പ്രശ്നമുണ്ടാക്കി. തുടർന്ന്, ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും കുത്തിക്കൊന്നു. അച്ഛന്റെ മൃതദേഹം മടിയില്‍വെച്ച്‌ കരഞ്ഞെന്നും പുറത്തിറങ്ങി സഹോദരിയെയും അയല്‍വാസികളെയും അറിയിച്ചെന്നും മൊഴിയിലുണ്ട്.

വീട്ടിലെ തിരച്ചിലില്‍ കൊലചെയ്യാനുപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തി. കൊലയ്ക്കുശേഷം പ്രതി അടുത്ത ബാറിലേക്കുപോയ സൈക്കിളും കണ്ടെത്തി. ബാറില്‍നിന്നാണ് വ്യാഴാഴ്ച രാത്രി ഇയാളെ പിടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പ്രതിയെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പു പൂർത്തിയാക്കി. ഫൊറൻസിക് സംഘം രക്തസാംപിളും വിരലടയാളവും ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ സ്ഥലം സന്ദർശിച്ചിരുന്നു.

Advertisement