കണ്ണൂർ: കുവൈത്ത് മദ്യ ദുരന്തത്തില്‍ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശിയായ പൊങ്കാരൻ സച്ചിന്റെ (31) മൃതദേഹം ഇന്ന് രാവിലെ ഏഴരക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും. ഇവിടെ നിന്ന് ഇരിണാവ് സി.ആർ.സി ഗ്രന്ഥാലയത്തിന് സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോകും.
വ്യാഴാഴ്ച വൈകീട്ടോടെയാണ് മദ്യ ദുരന്തത്തില്‍ സച്ചിനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.വ്യാജ മദ്യദുരന്തവുമായി ബന്ധപ്പെട്ട വാർത്തകള്‍ പുറത്ത് വന്ന ബുധനാഴ്ച്ച വൈകീട്ട് സച്ചിൻ അര മണിക്കൂറോളം അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു.വിഷമദ്യ ദുരന്തത്തെ കുറിച്ചും പറഞ്ഞിരുന്നതായി വീട്ടുകാർ പറഞ്ഞു. പക്ഷെ അപ്പോഴൊന്നും താൻ മദ്യം കുടിച്ചിരുന്നതായി സൂചന നല്‍കിയിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. ഇവിടെയും സന്നദ്ധ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. ഏതാനും മാസം മുൻപാണു നാട്ടില്‍ വന്നു മടങ്ങിയത്.പൊങ്കാരൻ മോഹനന്റെയും ഗിരിജയുടേയും മകനാണ് സച്ചിൻ. ഭാര്യ: ഷബിന. മകള്‍: സിയ.






































