വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 16 ശനി

🌴 കേരളീയം 🌴

🙏 അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.




🙏 79-ാം സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തും വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തി. ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിക്കരുതെന്നും ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, ജാതി വിവേചനം, മതവിദ്വേഷം ഇല്ലാത്ത, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്വാതന്ത്ര്യദിനസന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.


🙏 ഓസ്ട്രേലിയയില്‍ ഇന്ത്യാക്കാരുടെ സ്വാതന്ത്ര്യ ദിനാഘോഷം ഖലിസ്ഥാന്‍ വാദികള്‍ തടസപ്പെടുത്തി. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലെ പരിപാടിയാണ് സംഘടിച്ചെത്തിയ ഖലിസ്ഥാന്‍ ഭീകരര്‍ തടസപ്പെടുത്തിയത്. കോണ്‍സുലേറ്റിന് മുന്നില്‍ ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം സമാധാനപരമായി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം.

🙏സ്വാതന്ത്ര്യദിനത്തോ
ടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ അറ്റ്ഹോം വിരുന്ന് സല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. വിരുന്ന് സല്‍ക്കാരത്തിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയം ക്ഷണിച്ചിരുന്നെങ്കിലും ഇന്നലെ വൈകിട്ട് നടന്ന പരിപാടിയില്‍ മന്ത്രിസഭയില്‍ നിന്ന് ആരും പങ്കെടുത്തില്ല.



🙏 താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും ട്രഷററായി ഉണ്ണി ശിവപാലും തെരഞ്ഞെടുക്കപ്പെട്ടു. ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

🙏 താരസംഘടനയായ അമ്മയില്‍ ഇപ്പോള്‍ ജനാധിപത്യം വന്നുവെന്നും അമ്മ ജനകീയമായെന്നും നടന്‍ ദേവന്‍. സംഘടനയുടെ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദേവന്‍.

🙏 മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണെന്നും വളരെ മിടുക്കികളാണെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.


🙏 അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോന് ലഭിച്ചത് 27 വോട്ടിന്റെ ഭൂരിപക്ഷം. ശ്വേത മേനോന്‍ 159 വോട്ട് നേടിയപ്പോള്‍ ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ 172 വോട്ട് നേടിയപ്പോള്‍ രവീന്ദ്രന് 115 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ട്രഷറര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ണി ശിവപാല്‍ 167 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടാണ് നേടാനായത്.



🙏 പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തന്റെ പോരാട്ടം തുടരുമെന്ന് സാന്ദ്ര തോമസ്. പരാജയപ്പെട്ടെങ്കിലും തനിക്ക് മികച്ച വോട്ടുകള്‍ നേടാന്‍ കഴിഞ്ഞുവെന്നും,  ഫിലിം ചേംബര്‍ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് താന്‍ മത്സരിക്കുമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.

🙏 എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് കൊടുക്കാനുള്ള തീരുമാനം ഏത് അദൃശ്യ ശക്തിയുടേതെന്നാണ് കോടതി ചോദിച്ചതെന്നും ഉപജാപക സംഘം എന്ന് കോടതിക്ക് പറയാനാകില്ലലോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.



🙏 പി വി അന്‍വറുമായി  അനുനയ ചര്‍ച്ച നടത്തിയെന്ന് എംആര്‍ അജിത് കുമാര്‍.  എം ആര്‍ അജിത് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നു. അന്‍വറുമായി അനുനയ ചര്‍ച്ച നടത്തിയെന്നും ചര്‍ച്ച സുഹൃത്തിന്റ വീട്ടില്‍ വെച്ചെന്നുമാണ് മൊഴി.

🙏 പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്.

🙏 കോഴിക്കോട് കൊയിലാണ്ടിയില്‍ തോരായിക്കടവ് പാലം തകര്‍ന്ന സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകും. മുന്‍വിധിയോടെ സമീപിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി പാലം നിര്‍മ്മാണം വൈകാന്‍ പാടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

🙏 2022ല്‍ തകര്‍ന്ന കോഴിക്കോട്ടെ കൂളിമാട് പാലം പണിത ഉദ്യോഗസ്ഥന്‍ തന്നെയാണ് തോരായിക്കടവ് പാലം നിര്‍മാണത്തിനും മേല്‍നോട്ടം വഹിച്ചതെന്ന് വിവരം. ഇരുപാലങ്ങളുടെയും നിര്‍മാണ ചുമതല വഹിച്ച ഉദ്യോഗസ്ഥന്‍ ആരോപണ നിഴലിലാണ്. 24 കോടിയോളം ചെലവിട്ട് കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീം ആണ് തകര്‍ന്ന് വീണത്.

🙏 തകര്‍ന്നു വീഴാത്ത പാലാരിവട്ടം പാലത്തിന്റെ പേരില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് അടുത്തിടെ തകര്‍ന്നു വീണ മൂന്ന് പാലങ്ങളുടെ പേരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കാന്‍ തയ്യാറാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.


🙏 ആര്‍എസ്എസിന്റെ രണ്ടാമത്തെ ശത്രുവാണ് ക്രൈസ്തവരെന്ന് സഭാ നേതൃത്വത്തോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നസ്റത്തില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്നും സഭാ നേതാക്കള്‍ ഇത് മറക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. ചിലര്‍ സ്വര്‍ണകിരീടം കണ്ട് കണ്ണു മഞ്ഞളിക്കുകയാണ്. ആര്‍ എസ് എസിലും ബിജെപിയിലും അവര്‍ പുതിയ മിത്രത്തെ തേടുന്നു.  ആര്‍എസ്എസിന് ദേശസ്നേഹം എന്തെന്നറിയില്ലെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

🙏 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ഉന്നയിക്കപ്പെട്ട ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇപ്പോഴും ഒന്നരലക്ഷത്തോളം കള്ളവോട്ടുണ്ടെന്ന് എംപി അടൂര്‍ പ്രകാശിന്റെ ആരോപണം. തെറ്റുതിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാത്ത സ്ഥിതിക്ക് നിയമപരമായ തുടര്‍നടപടിക്ക് ഒരുങ്ങുകയാണെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.

🙏 മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് ബഹളം വെക്കുകയും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.



🙏 പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലെന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന സര്‍വകലാശാലയില്‍ 350 ഓളം വരുന്ന ജീവനക്കാര്‍ക്കാണ് ഓഗസ്റ്റ് മാസം പകുതിയായിട്ടും ശമ്പളം കിട്ടാത്തത്.


🙏 വെട്ടേറ്റ് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ സ്വദേശി വള്ളേരി മോഹനനാണ് (60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനന് മുസ്ലിം ലീഗ് ആക്രമണത്തില്‍ പരിക്കേറ്റത്. അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് മോഹനന് നേരെ ആക്രമണമുണ്ടായത്.

🙏 താമരശേരിയില്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ പനി സര്‍വേ നടത്തി. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്.



   🇳🇪   ദേശീയം  🇳🇪




🙏 79-ാം സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റര്‍ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു.



🙏 സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ റെക്കോര്‍ഡിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 1 മണിക്കൂര്‍ 43 മിനിറ്റ് നീണ്ടു നിന്ന ദൈര്‍ഘ്യമേറിയ പ്രസംഗമാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയത്. കൂടാതെ ചെങ്കോട്ടയില്‍ നിന്ന് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തിയ ഇന്ദിരാഗാന്ധിയുടെ റെക്കോഡും പ്രധാനമന്ത്രി മറികടന്നു.



🙏 സ്വാതന്ത്ര്യ ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്നും പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

🙏 സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വിട്ടുനിന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കളായ ഇരുവരും പരിപാടിയില്‍ പങ്കെടുത്തില്ല.



🙏 ആന്ധ്രപ്രദേശില്‍ വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘സ്ത്രീ ശക്തി’ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്നലെ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ഐടി മന്ത്രി നരാ ലോകേഷ് എന്നിവര്‍ സ്ത്രീകള്‍ക്കൊപ്പം ഉദ്ഘാടനയാത്രയില്‍ പങ്കെടുത്തു.

🙏 കിഷ്ത്വാര്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി ഉയര്‍ന്നു. നിരവധിപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും രണ്ടാം ദിവസവും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.



🙏 കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ വിഷബാധയേറ്റവരുടെ എണ്ണം 160 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരുടെ എണ്ണം 23 ആയി ഉയര്‍ന്നു.


🙏 ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ ‘വോട്ട് മോഷണം’ പരാമര്‍ശിച്ച് സ്വാതന്ത്ര്യദിനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പോസ്റ്റ്. ജനാധിപത്യം മോഷ്ടിക്കാത്ത, എല്ലാ വോട്ടിനും വിലയുള്ള, വൈവിദ്ധ്യത്തെ ഏറ്റവും വലിയ ശക്തിയായി ആഘോഷിക്കുന്ന രാഷ്ട്രം നിര്‍മ്മിക്കാനുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.



🙏 കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ എയിംസ് ആശുപത്രികളില്‍ നിന്ന് 429 ഡോക്ടര്‍മാര്‍ രാജിവെച്ച് സ്വകാര്യമേഖലയില്‍ ജോലിക്ക് ചേര്‍ന്നതായി കണക്കുകള്‍. കൂട്ടരാജി ഏറ്റവും കൂടുതലുണ്ടായത് ദില്ലി എയിംസിലാണ് (52). ഒരു കാലത്ത് മികച്ച ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാനായി തിരഞ്ഞെടുക്കുന്ന സ്ഥലമായിരുന്ന ദില്ലി എയിംസില്‍ നിന്ന് ഇത്രയധികം ആളുകള്‍ ഒഴിഞ്ഞുപോയത് ആശങ്കയുണ്ടാക്കുന്നു.

🙏 ദില്ലിയിലെ ഹുമയൂണ്‍ ശവകുടീരത്തിന് സമീപം നിര്‍മ്മാണത്തിലിരുന്ന ദര്‍ഗ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. അപകട സമയത്ത് 11 പേരാണ് ദര്‍ഗക്കുള്ളില്‍ ഉണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.



🙏 നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 6:23 ഓടെയായിരുന്നു അന്ത്യം.



🙏  അന്തർദേശീയം 🙏

🙏 ട്രംപ്- പുടിന്‍ ഉച്ചകോടിക്ക് അലാസ്‌കയില്‍ തുടക്കം. പ്രതീക്ഷയോടെ ലോകം. മൂന്നര വര്‍ഷമായി തുടരുന്ന യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതടക്കമുള്ള ലോകം ഉറ്റു നോക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ക്കായാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.


🙏ലാസ്‌കന്‍ നഗരമായ ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ ്- റിച്ചാര്‍ഡ്സണ്‍ സേനാതാവളത്തില്‍ എത്തിയ ഇരുവരും ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യോമത്താവളത്തില്‍ നേരിട്ടെത്തിയാണ് ട്രംപ് പുടിനെ സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് പുടിനും ട്രംപും, ഒരുമിച്ചാണ് യുഎസ് പ്രസിഡന്റിന്റെ ‘ബീസ്റ്റ്’ കാറില്‍ യോഗ സ്ഥലത്തേക്ക് എത്തിയത്.





🙏 ചൈനയുടെ സിങ്കപ്പൂരിലെ മുന്‍ അംബാസഡറും പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥയുമായ സുന്‍ ഹയാന്‍ കസ്റ്റഡിയില്‍. ഇവരെ ചൈനീസ് ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ മാസം ആദ്യം വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ലിയു ജിയാന്‍ഷോ കസ്റ്റഡിയിലായതിന് പിന്നാലെയാണ് ഈ സംഭവം.

🙏 യുക്രൈന് വേണ്ടി വിലപേശാനല്ല റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി താന്‍ ചര്‍ച്ചയ്ക്ക് പോകുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി അലാസ്‌കയിലേക്ക് പോകുന്നതിന് വിമാനത്തില്‍ കയറിപ്പോഴാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.


    ⚽  കായികം  ⚽

🙏 സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയന്‍. 200 കോടിക്ക് മെസിയെ കേരളത്തില്‍ കൊണ്ടുവരികയല്ല വേണ്ടതെന്നും എഫ് സി ഗോവയെപ്പോലെ മെറിറ്റില്‍ വലിയ താരങ്ങളെ എത്തിക്കുകയാണ് വേണ്ടതെന്നും ആഷിഖ് കുരുണിയന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

🙏 അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് അന്തിമാനുമതി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 12-ന് കൊല്‍ക്കത്തയിലാണ് മെസ്സി തന്റെ ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിക്കുന്നതെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത പറഞ്ഞു.



🙏 അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കളിക്കാനാണ് റോണാള്‍ഡോ ഇന്ത്യയിലെത്തുന്നത്. റൊണാള്‍ഡോയുടെ ക്ലബ്ബായ സൗദിയിലെ അല്‍ നസ്റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്.

Advertisement