വിഭജനഭീതി ദിനം’ പാളി; ഗവർണറുടെ നിർദേശ പ്രകാരം പരിപാടി ഓൺലൈനായി നടന്നത് കുസാറ്റിൽ മാത്രം

Advertisement

തിരുവനന്തപുരം: സർവകലാശാലകളിലും കോളജുകളിലും ‘വിഭജനഭീതി ദിനാചരണം’ നടത്താനുള്ള ചാൻസലറായ ഗവർണറുടെ നിർദേശം തള്ളി കേരളം. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഓൺലൈനായി സംഘടിപ്പിച്ച പരിപാടി മാറ്റിനിർത്തിയാൽ മറ്റ് സർവകലാശാലകളിലോ കോളജുകളിലോ പരിപാടികൾ നടന്നില്ല.

ആവർത്തിച്ചുള്ള നിർദേശം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നടങ്കം തള്ളിയത് സർക്കാർ-ഗവർണർ പോരിൽ ഗവർണർക്ക് തിരിച്ചടിയും സർക്കാറിന് ആശ്വാസവുമായി. സർക്കാർ പാനൽ തള്ളി ഗവർണർ നിയമിച്ച വി.സിയുള്ള കുസാറ്റിൽ മാത്രമാണ് ഓൺലൈനായി പരിപാടി സംഘടിപ്പിച്ചത്. വി.സി ജുനൈദ് ബുഷ്രി ഉൾപ്പെടെ 30ഓളം പേരാണ് പങ്കെടുത്തത്. സമാന നിർദേശം കേരള, കണ്ണൂർ, സാങ്കേതിക സർവകലാശാലകളും അഫിലിയേറ്റഡ് കോളജുകൾക്ക് നൽകിയിരുന്നെങ്കിലും ഒരിടത്തും സ്ഥാപന തലത്തിൽ ഔദ്യോഗിക പരിപാടികൾ നടത്തിയില്ല. പരിപാടി നടത്തരുതെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ നിർദേശപ്രകാരം കോളജ് വിദ്യാഭ്യാസ ഡയറക്ടറും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും കോളജുകൾക്ക് കത്ത് നൽകിയിരുന്നു.

കാസർകോട് ഗവ. കോളജിൽ എ.ബി.വി.പി നടത്തിയ പരിപാടിക്കെതിരെ എസ്.എഫ്.ഐയും കോഴിക്കോട് ഗവ. ലോ കോളജിന് പുറത്ത് എ.ബി.വി.പിയുടെ പരിപാടിക്കെതിരെ എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരും രംഗത്തുവന്നു.

Advertisement