ഒരാളെ ഞാൻ തീര്‍ത്തിട്ടുണ്ട്, വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ’ ; കൊലയ്ക്കു ശേഷം അയല്‍വീട്ടിലെത്തി ബാബു

Advertisement

ആലപ്പുഴ: ‘ഒരാളെ ഞാൻ തീർത്തിട്ടുണ്ട്… വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ’, മാതാപിതാക്കളെ വെട്ടിയ ശേഷം അയല്‍വീട്ടിലെത്തി വിവരം പറയുമ്പോഴും ബാബുവിന്റെ മുഖത്ത് കുറ്റബോധത്തിന്റെ തരിപോലുമില്ലായിരുന്നു.
വീട്ടുകാർ നോക്കുമ്പോള്‍ തങ്കരാജൻ ചോരവാർന്ന് കിടക്കുന്നതാണ് കണ്ടത്. ആഗ്നസിന് ജീവനുണ്ടായിരുന്നു.

ഇതിനിടെ ബാബു മറ്റൊരു വീട്ടിലെത്തി വണ്ടി വേണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മകൻ ഉറങ്ങിയെന്നു പറഞ്ഞ് വീട്ടിലെ സ്ത്രീ ബാബുവിനെ മടക്കിയയച്ചു. ലഹരി ഉപയോഗിച്ചിട്ടുണ്ടാകുമെന്നതിനാല്‍ കാര്യം തിരക്കിയില്ല. പിന്നീടാണ് സംഭവം അറിയുന്നത്. അവർ പറഞ്ഞു. ലഹരിക്കടിമയായ ബാബുവുമായി നാട്ടുകാർക്ക് വലിയ അടുപ്പമുണ്ടായിരുന്നില്ല.

നേരത്തേ വഴിച്ചേരിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പിന്നീട് കൊമ്മാടിയിലെ വീട്ടിലേക്കു മാറി. മാതാപിതാക്കള്‍ മിക്കപ്പോഴും മകളുടെ അടുത്തായിരുന്നു താമസം. മകളുടെ ഭർത്താവ് സൈനികോദ്യോഗസ്ഥനാണ്. ഇദ്ദേഹം നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് ഇരുവരും ഈ വീട്ടിലേക്ക് വരുന്നത്.
നഗരസഭാ മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തില്‍ തങ്കരാജൻ (68), ഭാര്യ ആഗ്നസ് (67) എന്നിവരാണ് ലഹരിക്കടിമയായ മകൻ്റെ കുത്തേറ്റ് മരിച്ചത്. മകൻ ബാബു(44)വിനെ സമീപത്തെ ബാറില്‍നിന്ന് നോർത്ത് പോലീസ് പിടികൂടി. തങ്കരാജന് കഴുത്തിലാണ് കുത്തേറ്റത്. ആഗ്നസിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റു.

കൊമ്മാടി പോപ്പി പാലത്തിനു കിഴക്കുവശത്തായുള്ള വീട്ടില്‍ വ്യാഴാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. ഇരുവരെയും കുത്തിയശേഷം സഹോദരി മഞ്ജുവിനെ വിളിച്ച്‌ വിവരമറിയിച്ചു. പിന്നീട്, തൊട്ടടുത്ത വീട്ടിലെത്തി മാതാപിതാക്കളെ കുത്തിക്കൊന്നെന്ന് വിളിച്ചുപറയുകയും ഓടിപ്പോകുകയുമായിരുന്നു. അയല്‍ക്കാർ വന്നുനോക്കുമ്പോള്‍ ആഗ്നസിന് ജീവനുണ്ടായിരുന്നു. ഉടനെ പോലീസില്‍ അറിയിച്ചു.

ഇറച്ചിക്കട ജീവനക്കാരനാണ് ബാബു. ഇയാള്‍ മദ്യപിച്ചെത്തി വീട്ടുകാരുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ബാബുവും മാതാപിതാക്കളുമായിരുന്നു ഇവിടെ താമസം.

കഴിഞ്ഞദിവസം ഇത്തരത്തില്‍ വഴക്കുണ്ടായതിന് മാതാവിന്റെ പരാതിയെ തുടർന്ന് ആലപ്പുഴ നോർത്ത് പോലീസ് ബാബുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട്, വീട്ടുകാർ എത്തിയതിനെ തുടർന്ന് മുന്നറിയിപ്പു നല്‍കി വിട്ടയക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലും വഴക്കുണ്ടാകുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. പോലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും രാത്രി വൈകിയും പരിശോധനകള്‍ തുടർന്നു. ഇരുവരുടെയും പോസ്റ്റ്മോർട്ടം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടക്കും.

Advertisement