വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 15 വെളളി



🇳🇪 രാജ്യം ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഏവര്‍ക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ സ്വാതന്ത്ര്യദിന ആശംസകള്‍. 🇳🇪


BREAKING NEWS


👉79-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം.

👉രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രിയും സംസ്ഥാന തലസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും ദേശീയ പതാക ഉയർത്തി.

👉തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാകയുയർത്തി



👉 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

👉 ഭാവി തലമുറയ്ക്കായി വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കണമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി.




🌴  കേരളീയം🌴



🙏 2025ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് 285 പോലീസുദ്യോഗസ്ഥര്‍ അര്‍ഹരായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മെഡലുകള്‍ മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മെഡല്‍ പരസ്‌കാരം നല്‍കുന്നത്.


🙏 ദേശീയ പാതാ അതോറിറ്റിയുടെ വാര്‍ഷിക ഫാസ്ടാഗ് പാസ് സ്വാതന്ത്ര്യദിനമായ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതി, യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും പണം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും. 3,000 രൂപ ഒറ്റത്തവണ അടച്ചാല്‍ 200 തവണ ടോള്‍ പ്ലാസകള്‍ മറികടക്കാം, അല്ലെങ്കില്‍ ഒരു വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാം.



🙏 എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളികൊണ്ടുള്ള കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതി റിപ്പോര്‍ട്ട് തള്ളിയത്.



🙏 സ്‌കൂളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചുപൂട്ടിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി വി. ശിവന്‍കുട്ടി.


🙏 കേരള സാഹിത്യ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിന് എംടിയുടെ പേര് നല്‍കാന്‍ തീരുമാനം. കേരള സാഹിത്യ അക്കാദമി എംടി ഓഡിറ്റോറിയം എന്ന് പേരിടും. 17 ന് സാര്‍വ്വദേശീയ സാഹിത്യോത്സവ ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിയാണ് നാമകരണം നടത്തുക.



🙏 രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമായി കേരളം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നടപ്പാക്കിയ ‘ഡിജി കേരളം- സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി’ വിജയകരമായി പൂര്‍ത്തീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഈ മാസം 21ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തും.

🙏 ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും വിജയിച്ചു. എന്‍പി സുബൈറിനെ ട്രഷററായും തെരഞ്ഞെടുത്തു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിനയനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സജി നന്ത്യാട്ടും പരാജയപ്പെട്ടു.


🙏 കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

🙏 ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം വടക്കന്‍ ആന്ധ്രാ പ്രദേശ് തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും അറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

🙏 തെങ്ങിന്‍ കള്ളിലെ ആല്‍ക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ 2007ല്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്. അബ്കാരികള്‍ നല്‍കിയ ഹര്‍ജികളിലാണ് നടപടി. ആല്‍ക്കഹോള്‍ അളവ് കൂടുതലുള്ള കള്ള് വിറ്റെന്ന കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അബ്കാരികളുടെ ഹര്‍ജി.

🙏 ജൈവ ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നവര്‍ക്ക് ഇനി മുതല്‍ 5 ശതമാനം പ്രോപ്പര്‍ട്ടി നികുതി ഇളവ് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. വര്‍ക്കല ശിവഗിരി എസ്.എന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനര്‍ജി പ്ലാന്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


🙏 ഓട്ടോമാറ്റിക് ഡോറില്ലാത്ത കെഎസ്ആര്‍ടിസി ബസുകളുടെ ഡോറുകളില്‍ കെട്ടിയിട്ടിരിക്കുന്ന കയറുകള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ എഞ്ചിനീയര്‍ നിര്‍ദേശം നല്‍കി. വാതിലുകള്‍ അടയ്ക്കാനായി കെട്ടിയ പ്ലാസ്റ്റിക് കയറുകളും വളളികളും നീക്കം ചെയ്യാനാണ് നിര്‍ദേശം.




🙏 യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍. 2014-ല്‍ ബന്ധുവായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തമിഴ്‌നാട്ടില്‍ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടിയെ ചെന്നൈ പോലിസ് കസ്റ്റഡിയിലെടുത്തത്.


🙏 ലഹരിക്കടിമയായ മകന്റെ കുത്തേറ്റ് അച്ഛനും അമ്മയും മരിച്ചു. മന്നത്ത് വാര്‍ഡില്‍ പനവേലി പുരയിടം വീട്ടില്‍ തങ്കരാജ് (70), ഭാര്യ ആഗ്നസ് (65) എന്നിവരാണ് മരിച്ചത്. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ മകന്‍ ബാബുവിനെ (46) ഒരു മണിക്കൂറിനകം സമീപത്തെ ബാറില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു.


🙏 കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സച്ചിന്‍ നാലു വര്‍ഷം മുന്‍പാണ് കുവൈത്തിലെത്തിയത്.


🇳🇪   ദേശീയം  🇳🇪


🙏 ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും എല്ലാവര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം 79ാം സ്വാതന്ത്ര്യദിന ആഘോഷിക്കുന്ന അവസരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നുവെന്നും വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചുവെന്നും പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങള്‍ പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു.


🙏 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്.



🙏 കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. ദര്‍ശനെ ബെല്ലാരി ജയിലിലേക്ക് മാറ്റും. നടി പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തു. രേണുക സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ടാണ് കന്നഡ നടന്‍ ദര്‍ശന്‍ തുഗുദീപയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്.



🙏 തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഗവര്‍ണര്‍ ഒരുക്കുന്ന ചായസത്കാരത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. ആര്‍.എന്‍.രവി, തമിഴ്നാടിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിനിലാണ് ബഹിഷ്‌കരണം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.



🙏 ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 33 മരണം. അന്‍പതിലധികം പേരെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി. എന്‍ഡിആര്‍എഫ്, എസ്ഡ് ആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

🙏 യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച പാര്‍ട്ടി എംഎല്‍എയെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പുറത്താക്കി. പൂജ പാല്‍ എന്ന വനിതാ എംഎല്‍എയെയാണ് പുറത്താക്കിയത്.



🙏 പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യക്കെതിരായ അനാവശ്യ വാചകമടി പാക്കിസ്ഥാന്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


🙏 ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കത്തില്‍ ഇന്ത്യന്‍ സേനയോട് പരാജയപ്പെട്ട പാകിസ്താന്‍, പുതിയൊരു സൈനിക വിഭാഗത്തിന് രൂപം നല്‍കി. സാധാരണ യുദ്ധസാഹചര്യങ്ങളില്‍ മിസൈല്‍ പോരാട്ട ശേഷിക്ക് മേല്‍നോട്ടം വഹിക്കുക എന്നതാണ് ഈ പുതിയ സേനാവിഭാഗത്തിന്റെ ലക്ഷ്യം.


🙏 രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ, പ്രത്യേകിച്ച് ബയോഡീസലിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.





🇦🇴  അന്തർദേശീയം 🇦🇽

🙏 ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ലഗേജിലോ ഹാന്‍ഡ് ബാഗേജിലോ അങ്കര്‍ കമ്പനിയുടെ ചില പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയണ്‍ ബാറ്ററികള്‍ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.



🙏 ഹമാസിനെതിരായ 22 മാസത്തെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയില്‍നിന്ന് പലസ്തീനികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇസ്രയേല്‍ മുന്നോട്ടു പോകുന്നതായി വിവരം.

🙏 ഇന്ത്യയ്ക്കുമേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികതീരുവ ചുമത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറിയുടെ മുന്നറിയിപ്പ്.



🙏 അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഹോള്‍സെയില്‍ പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്സ് ജൂലൈയില്‍ കുതിച്ചത് 0.9 ശതമാനമെന്നാണ് ലേബര്‍ സ്റ്റാറ്റിസ്‌ക്സ് ഡേറ്റ പ്രസിദ്ധീകരിച്ച കണക്കുകള്‍ തെളിയിക്കുന്നത്.

Advertisement