ബന്ധുവായ യുവതിയെ സെക്‌സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ കസ്റ്റഡിയിലെടുത്തു

Advertisement

ബന്ധുവായ യുവതിയെ സെക്‌സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ കസ്റ്റഡിയിലെടുത്തു. ചെന്നൈ തിരുമംഗലം പൊലീസ് ആലുവയിലെത്തിയാണ് മിനുവിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ രാവിലെ ചെന്നൈയില്‍ എത്തിച്ചു. 2014ല്‍ ആയിരുന്നു സംഭവം. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന പേരില്‍ യുവതിയെ തമിഴ്‌നാട്ടില്‍ എത്തിച്ച് സെക്‌സ് മാഫിയക്ക് കൈമാറാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

നേരത്തെ, നടന്‍ ബാലചന്ദ്ര മേനോന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മിനു മുനീര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗികാതിക്രമ കേസ് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചിരുന്നു.

സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി നടന്മാര്‍ക്കെതിരെ മിനു മുനീര്‍ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്ര മേനോനെ കൂടാതെ നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മിനു മുനീറിന്റെ അഭിഭാഷകന്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശി സംഗീത് ലൂയിസിനെയാണ് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്.

Advertisement