കാസർകോട്: ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി കാസർകോട് ഗവണ്‍മെൻ്റ് കോളജിൽ എസ്എഫ്ഐ- എബിവിപി സംഘർഷം. എബിവിപി പ്രവര്‍ത്തകര്‍ കോളജിലെ നോട്ടീസ് ബോർഡിൽ പതിച്ച വിഭജന ഭീതി പോസ്റ്റർ എസ്എഫ്ഐ പ്രവർത്തകർ കീറി മാറ്റി. ഇതാണ് സംഘർഷത്തിന് കാരണമായത്.
തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കറിൻ്റെ കോലം കത്തിച്ചു. എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എംഎസ്എഫ് പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്. കാസർകോട് ഗവൺമെൻ്റ് കോളജിൽ വിഭജന ഭീതി ദിനം ആചരിച്ച സംഭവത്തിൽ എബിവിപിക്ക് കോളജ് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകി. കോളജിൽ പരിപാടി നടത്തുന്നതിന് അനുമതിയുണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിലും പെരിയയിലെ കേന്ദ്ര-കേരള സർവകലാ ശാലയിലും എബിവിപി പ്രവർത്തകർ വിഭജന ഭീതി ദിനം ആചരിച്ചു.
അതേ സമയം ഗവര്‍ണറുടെ നിർദേശം പാലിക്കരുതെന്ന് കോളജുകള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ് സർക്കാര്‍. പരിപാടി നടത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐയുടേയും കെഎസ്‍യുവിൻ്റേയും നിലപാട്. വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണറും കേരള സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമിപ്പിച്ച് വിസിമാർക്ക് വീണ്ടും ഗവർണർ കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്നായിരുന്നു എസ്എഫ്ഐയുടെയും കെഎസ്‍യുവിൻ്റെയും മുന്നറിയിപ്പ്.
ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് സര്‍വകലാശാലകള്‍ക്കു ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം ‘ഭരണഘടനാ ധ്വംസന ദിന’മായി ആചരിക്കാന്‍ കഴിഞ്ഞ ജൂണില്‍ നിര്‍ദേശിച്ച മാതൃകയിലാണ് സര്‍ക്കാരിനെ മറികടന്നു ഗവര്‍ണര്‍ വിസിമാര്‍ക്കു സര്‍ക്കുലര്‍ അയച്ചത്.





































