ശസ്ത്രക്രിയ മുടങ്ങിയതിൽ വീഴ്ചയില്ലെന്ന് വ്യക്തമാക്കി ഡോ. ഹാരിസ്

Advertisement

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ ശസ്ത്രക്രിയ മുടങ്ങിയതിൽ വീഴ്ചയില്ലെന്ന് വ്യക്തമാക്കി കാരണം കാണിക്കൽ നോട്ടിസിന് മറുപടി നല്കി. ഉപകരണം വകുപ്പിൽ ഉണ്ടായിട്ടും ഡോക്ടര്‍, ശസ്ത്രക്രിയ മുടക്കി എന്നായിരുന്നു കാരണം കാണിക്കൽ നോട്ടിസിലെ ഉള്ളടക്കം. എന്നാൽ വകുപ്പിൽ ഉണ്ടായിരുന്ന ഉപകരണം മറ്റൊരു ഡോക്ടറുടെ സ്വകാര്യ ഉപകരണം ആയിരുന്നെന്നും അത് ചോദിക്കുന്നത് ശരിയല്ലെന്നും ഡോക്ടര്‍ വിശദമാക്കുന്നു. സര്‍വീസ് ചട്ടം ലംഘിച്ചതില്‍ താന്‍ ക്ഷമാപണം നടത്തിയിരുന്നുവെന്നും അദ്ദേഹം വിശദീകരണത്തില്‍ പറയുന്നു. 


ആരോഗ്യവകുപ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പാവപ്പെട്ട രോഗികളുടെ ക്ഷേമം മാത്രമായിരുന്നു ലക്ഷ്യമെന്നും ഹാരിസ് തന്‍റെ മറുപടിയില്‍ വിശദീകരിച്ചിരുന്നു. സഹപ്രവര്‍ത്തകര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി തന്നെ ജയിലിലേക്കും മരണത്തിലേക്കും എത്തിക്കാന്‍ ശ്രമിച്ചുവെന്നും ആദ്യം കെജിഎംസിടിഎയുടെ വാട്സാപ്പ് ഗ്രൂപ്പിലും പിന്നീട് പരസ്യമായും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കാലം മാപ്പു നല്‍കട്ടെയെന്നും തന്നെ കള്ളനാക്കി ചിത്രീകരിച്ചുവെന്നും കുരിശിലേറ്റാന്‍ ശ്രമിച്ചുവെന്നും കുറിപ്പില്‍ വിശദീകരിച്ചിരുന്നു. 

Advertisement