കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി സ്വാഗതം ചെയ്ത് യാത്രികരും പൊതുജനങ്ങളും. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നുമുള്ള ഹൈക്കോടതി നിര്‍ദേശത്തിന് വ്യാപക പിന്തുണയാണ് ലഭിച്ചത്. ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോള്‍ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും. അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍ അനുമതി.
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളാക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങളെ ചോദ്യംചെയ്ത് പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് സി എസ് ഡയസാണ് ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തത്. പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ചുളളത് സ്വകാര്യ ശൗചാലയങ്ങളാണെന്നും അത് പൊതുശൗചാലയങ്ങളാക്കി മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
നേരത്തെ, പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പെട്രോള്‍ പമ്പുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിനെയും തിരുവനന്തപുരം കോര്‍പ്പറേഷനെയും ഹൈക്കോടതി വിലക്കിയിരന്നു. സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യം പമ്പുകളുടെ പ്രതിദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന വാദവും അതീവ അപകട സാധ്യതാ മേഖലകളായ പെട്രോള്‍ പമ്പുകളില്‍ സംഘര്‍ഷമുണ്ടാകുന്നത് അപകട സാധ്യതയുണ്ടാക്കുമെന്ന വാദവും പരിഗണിച്ചാണ് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.






































