റബ്ബര്‍ ബാന്റുകള്‍ക്ക് 12 ശതമാനം നികുതി; കുറയ്ക്കുന്നതിന് മന്ത്രിമാരുടെ പ്രത്യേക സമിതി രൂപീകരിച്ചു

Advertisement

റബ്ബര്‍ ബാന്റുകളുടെ ചരക്ക് സേവന നികുതി 12 ശതമാനത്തില്‍ നിന്നും കുറയ്ക്കുന്നതിന് മന്ത്രിമാരുടെ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന റബ്ബര്‍ ബാന്റുകള്‍ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിലൂടെ റബ്ബര്‍ ബാന്റ് ഉല്‍പാദകര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കേന്ദ്ര ധനകാര്യ മന്ത്രിയെ ധരിപ്പിച്ചിരുന്നു. ഉപജീവനത്തിനായി റബ്ബര്‍ ബാന്റ് ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് സംരംഭകരില്‍ ഏറിയ പങ്കും. റബ്ബര്‍ ബാന്റ് ഉല്‍പാദകരുടെ ജീവനോപാധി നഷ്ടപ്പെടുന്ന സാഹചര്യം വിലയിരുത്തി നികുതി കുറയ്ക്കണമെന്ന ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ജി.എസ്.ടി കൗണ്‍സിലാണ് നികുതി നിശ്ചയിക്കുന്നതിനുള്ള അധികാര സമിതിയെന്നും റബ്ബര്‍ ബാന്റിന്റെ നികുതി ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ നികുതി പുനര്‍നിശ്ചയിക്കുന്നതിന് മന്ത്രിമാരുടെ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രി പങ്കജ് ചൗധരി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ രേഖാമൂലം അറിയിച്ചു.

Advertisement