സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ അഭിപ്രായം തേടി മന്ത്രി

Advertisement

സ്കൂൾ കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ക്ക് ആശ്വാസമേകുന്ന മറ്റൊരു തീരുമാനം മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവച്ചത്. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നുവെന്നും മന്ത്രി പോസ്റ്റില്‍ കുറിച്ചു.
സ്‌കൂള്‍ ബാഗിന്റെ അമിതഭാരം സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നാണ് ശിവന്‍കുട്ടി തന്റെ പോസ്റ്റില്‍ കുറിച്ചത്. പഠനം ഒരു ഭാരമാകാതെ സന്തോഷകരമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം എന്നും പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കിന്റെയും ഭാരം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളര്‍ ഉടുപ്പുകള്‍ ഇടാമെന്ന തീരുമാനത്തിന് പിന്നാലെയാണ് സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്.
കുട്ടികളുടെ പുസ്തകങ്ങൾ സ്കൂളിൽ സൂക്ഷിക്കാൻ സൗകര്യമൊരുക്കാമെന്നും, ഓരോ ദിവസവും പഠിക്കാനുള്ള പുസ്തകങ്ങൾ മാത്രം കൊണ്ടു പോകാനുള്ള സംവിധാനമൊരുക്കാമെന്നും രക്ഷിതാക്കൾ ചൂണ്ടികാട്ടുന്നു. വായനയും പഠന പ്രവർത്തനങ്ങളും ഏറെയും സ്കൂളിൽ നിന്നായാൽ വലിയ ടെക്സ്റ്റ് പുസ്തങ്ങൾ ദിനേനെ കൊണ്ടുപോവുന്നത് ഒഴിവാക്കാമെന്ന് മറ്റു ചിലർ ചൂണ്ടികാട്ടുന്നു.

Advertisement